വിഴിഞ്ഞം തീരശോഷണം: സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിയെ റദ്ദാക്കി ഹൈക്കോടതി

എറണാകുളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം മൂലമുണ്ടാകുന്ന തീരശോഷണത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്‌ധ സമിതിയെ ഹൈക്കോടതി റദ്ദാക്കി. സമിതിയുടെ ഘടനയിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ്റെ ഉത്തരവ്. ഈ സമിതി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനും കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയതും തികച്ചും സ്വതന്ത്രവുമായ മറ്റൊരു വിദഗ്‌ധ സമിതി രൂപീകരിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. വിഴിഞ്ഞം തുറമുഖ നിർമാണം കാരണം വടക്കൻ തീരപ്രദേശങ്ങളിൽ മാറ്റങ്ങളോ തീരശോഷണമോ ഉണ്ടാകുന്നുണ്ടോ എന്ന് ശാസ്ത്രീയമായി പഠിക്കുന്നതിനായിരുന്നു 2022 ഒക്ടോബറിൽ സംസ്ഥാന സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചത്. എന്നാൽ, സമിതിയിലെ അംഗങ്ങൾക്ക് തുറമുഖ പദ്ധതിയുമായി മുൻപ് ബന്ധമുണ്ടായിരുന്നുവെന്നും അതിനാൽ പഠനം പക്ഷപാതരഹിതമായിരിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നടപടി. നിർമല ജോണി ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.

സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്‌റ്റേഷൻ്റെ മുൻ അഡീഷണൽ ഡയറക്ടർ എം ഡി കുന്ദലെയായിരുന്നു സമിതിയുടെ അധ്യക്ഷൻ. വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള സാങ്കേതിക ഉപസമിതിയിൽ ഇദ്ദേഹം മുൻപ് അംഗമായിരുന്നുവെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. കൂടാതെ, സമിതിയിലെ മറ്റൊരു അംഗമായ പി കെ ചന്ദ്രമോഹന് തുറമുഖ നിർമാണ കമ്പനിയുമായി ബന്ധമുണ്ടെന്നും ആരോപണമുയർന്നു.ഈ സാഹചര്യത്തിൽ സമിതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുകയാണെന്ന് കോടതി വിലയിരുത്തി. തുറമുഖ നിർമാണം മൂലമല്ല, മറിച്ച് ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിദത്ത കാരണങ്ങൾ കൊണ്ടാണ് തീരശോഷണം ഉണ്ടായതെന്നായിരുന്നു എം ഡി കുന്ദലെ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ടാണ് കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.വിഴിഞ്ഞം തുറമുഖ നിർമാണം മൂലമാണ് തിരുവനന്തപുരം തീരപ്രദേശങ്ങളിൽ വ്യാപകമായ കടലാക്രമണവും തീരശോഷണവും ഉണ്ടാകുന്നതെന്ന് ആരോപിച്ച് തീരദേശവാസികളും ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതിയും വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് ഒരു നിഷ്‌പക്ഷ പഠനം നടത്തുക എന്നത് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു.ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ നിർദേശപ്രകാരമായിരുന്നു സംസ്ഥാന സർക്കാർ 2022 ഒക്ടോബർ ആറിന് വിദഗ്‌ധ സമിതിക്ക് രൂപം നൽകിയത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വടക്കൻ മേഖലകളിൽ 20 കിലോമീറ്ററോളം ദൂരത്തിൽ വലിയ തോതിൽ തീരശോഷണം സംഭവിക്കുന്നുണ്ടെന്നും, തെക്കൻ മേഖലകളിൽ മണൽ അടിഞ്ഞുകൂടുന്നുണ്ടെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. തുറമുഖ നിർമാണത്തിൻ്റെ ഭാഗമായി കടലിൽ പുലിമുട്ട് നിർമിച്ചതാണ് ഇതിന് പ്രധാന കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. തീരശോഷണം രൂക്ഷമായതോടെ നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ വീടുകൾ നഷ്ടപ്പെട്ടുവെന്നും, പരമ്പരാഗത മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.തുറമുഖ നിർമാണ കമ്പനിയായ അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വ്യക്തികൾ വിദഗ്‌ധ സമിതിയിൽ ഉൾപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സമിതിയുടെ രൂപീകരണം മുതൽ തന്നെ ലത്തീൻ അതിരൂപതയും സമരസമിതിയും ഇതിനെതിരെ രംഗത്തുവന്നിരുന്നു. തങ്ങളുമായി യാതൊരു കൂടിയാലോചനകളും നടത്താതെയാണ് സർക്കാർ സമിതിയെ പ്രഖ്യാപിച്ചതെന്നായിരുന്നു പ്രധാന വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *