ന്യൂഡൽഹി: ഒരേ തസ്തികയിൽ ജോലി ചെയ്യുന്നു എന്ന കാരണത്താൽ മാത്രം ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന തത്വം യാന്ത്രികമായി നടപ്പാക്കാനാകില്ലെന്ന് സുപ്രീം കോടതി. നേരിട്ട് നിയമനം ലഭിച്ചവരും പ്രൊമോഷൻ വഴി വന്നവരും തമ്മിലുള്ള പ്രവൃത്തിപരിചയത്തിലെ വ്യത്യാസം വ്യത്യസ്ത ശമ്പള സ്കെയിൽ നിശ്ചയിക്കുന്നതിന് സാധുവായ അടിസ്ഥാനമാണെന്ന് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ ഡയറക്ട് റിക്രൂട്ട്മെന്റ് വഴി നിയമനം ലഭിച്ച ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അധ്യാപകർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ നിർണായക വിധി. പ്രൊമോഷൻ വഴിയോ സ്ഥലംമാറ്റം വഴിയോ എത്തിയ HSST (Jr.) അധ്യാപകരുടെ അതേ ശമ്പള സ്കെയിൽ തങ്ങൾക്കും വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.എന്നാൽ, മുൻപ് സേവനം അനുഷ്ഠിച്ച് പരിചയസമ്പത്തുള്ള പ്രൊമോഷൻ അധ്യാപകരെയും പുതുതായി ജോലിയിൽ പ്രവേശിച്ച ഡയറക്ട് റിക്രൂട്ടുകളെയും ഒരേ തട്ടിൽ അളക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജോലി സ്വഭാവത്തിൽ സാമ്യമുള്ളതുകൊണ്ട് മാത്രം തുല്യ ശമ്പളം അവകാശപ്പെടാനാകില്ലെന്നും നിയമന രീതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ഉത്തരവാദിത്തങ്ങൾ എന്നിവയിലെ തുല്യതയും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.കഴിഞ്ഞ നൂറ്റാണ്ടിൽ ജോലി തസ്തികകളുടെ സാമ്യം മാത്രം നോക്കി തുല്യ വേതനം അനുവദിച്ചിരുന്നെങ്കിൽ, നിലവിൽ അത് സർവീസ് ചട്ടങ്ങളെയും അധ്യാപകരുടെ പ്രവൃത്തിപരിചയത്തെയും മുൻനിർത്തിയുള്ള കർശനമായ മാനദണ്ഡങ്ങളിലേക്ക് മാറിയിട്ടുണ്ടെന്ന് മുൻകാല വിധികൾ ഉദ്ധരിച്ച് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഹർജി തള്ളിയത്.
തുല്യ ജോലിക്ക് തുല്യ വേതനം’: പ്രവൃത്തിപരിചയം വ്യത്യാസമെങ്കിൽ ശമ്പളത്തിൽ മാറ്റമാകാം-സുപ്രീം കോടതി
