മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: ഹൈക്കോടതി ഇന്ന് പരിഗണിക്കും

എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കുന്ന കാര്യത്തില്‍ സർക്കാർ ഇന്ന് ഹൈക്കോടതിയില്‍ വ്യക്തമായ നിലപാട് അറിയിക്കും.പ്രോസിക്യൂഷൻ അനുമതിയില്‍ തീരുമാനം എടുത്തില്ലെങ്കില്‍ പിന്നാക്ക വിഭാഗ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്നാണ് ഹൈക്കോടതിയുടെ കർശന നിർദേശം. ഇടക്കാല ഉത്തരവ് വകുപ്പ് സെക്രട്ടറിയെ യഥാസമയം അറിയിക്കാത്ത അഭിഭാഷകൻ്റെ വീഴ്ചയില്‍ ഹൈക്കോടതി കഴിഞ്ഞ തവണ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ള പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഫയല്‍ ഇങ്ങനെ തെക്കും വടക്കും അടിക്കും. ഇക്കാര്യം ആര്‍ക്കാണ് അറിയാത്തതെന്നും ഹൈക്കോടതി വിമര്‍ശനം ഉയർത്തിയിരുന്നു. ഒരു തെറ്റ് സംഭവിക്കാം. പക്ഷേ തുടര്‍ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശത്തോടെ ആണ്. പ്രൊസിക്യൂഷന്‍ അനുമതി വൈകിപ്പിക്കുന്നത് മനപൂര്‍വ്വമെന്നും ആയിരുന്നു ഹൈക്കോടതി നേരത്തെ ഉയർത്തിയ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *