ആധാർ കാർഡ് ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ കേന്ദ്ര സർക്കാരിനും എല്ലാ സംസ്ഥാന സർക്കാരുകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീം കോടതി.ആധാർ കാർഡുകള്‍ പൗരത്വം, താമസസ്ഥലം, ജനനത്തീയതി എന്നിവയുടെ തെളിവായി ഉപയോഗിക്കുന്നത് തടയണമെന്നും, ഇത് കേവലം ഒരു തിരിച്ചറിയല്‍ രേഖയായി (identity proof) മാത്രമേ പരിഗണിക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹർജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാട് വ്യക്തമാക്കാനാണ് സുപ്രീം കോടതിയ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ സ്കൂള്‍ പ്രവേശനം, വസ്തു വാങ്ങല്‍, റേഷൻ കാർഡ് എന്നിവയ്ക്കടക്കം ആധാർ തെളിവായി പരക്കെ ഉപയോഗിക്കുന്നത് വഴി അനധികൃത കുടിയേറ്റക്കാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. ആധാർ നിയമത്തിലെ സെക്ഷൻ 9 പ്രകാരം ഇത് പൗരത്വത്തിന്റെയോ താമസസ്ഥലത്തിന്റെയോ തെളിവല്ലെന്ന യു ഐ ഡി എ ഐ (UIDAI) വിജ്ഞാപനം കർശനമായി നടപ്പാക്കാൻ നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
‘ആധാര്‍ കാര്‍ഡ് പൗരത്വ തെളിവാക്കരുത്, തിരിച്ചറിയല്‍ രേഖ മാത്രമാക്കണം’, പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ച് സുപ്രീം കോടതി
