ചെന്നൈ: മതാചാരത്തിന്റെ ഭാഗമായാൽപ്പോലും ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ശേഷക്രിയക്കെത്തുന്നവർ തമിഴ്‌നാട്ടിലെ താമ്രപർണി നദിയിൽ ടൺകണക്കിന് വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഒഴുക്കുന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും ജസ്റ്റിസ് പുകഴേന്തിയുമടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.ആചാരങ്ങൾ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഈ പ്രവൃത്തി സമൂഹത്തിലെ മറ്റുള്ളവർക്കും പരിസ്ഥിതിക്കും ദോഷംചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. മതാചാരങ്ങൾക്കുള്ള അവകാശം പൊതുജനാരോഗ്യത്തിന് അനുസൃതമായിരിക്കണമെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വ്യക്തമാക്കിയിട്ടുണ്ട് -കോടതി പറഞ്ഞു. ദിവസവും ഒരു ടണ്ണിലേറെ വസ്ത്രങ്ങളും മറ്റു സാധനങ്ങളുമാണ് താമ്രപർണിയിൽ ഒഴുക്കുന്നതെന്ന് ശുചീകരണത്തിന് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവർത്തകൻ കോടതിയെ അറിയിച്ചു. മൂന്നാഴ്ചയ്ക്കിടെ 90 ടണ്ണോളം വസ്ത്രവും 2.2 ടൺ ഭസ്മവും നീക്കിയതായി കോടതി ചൂണ്ടിക്കാണിച്ചു.
‘വിശ്വാസത്തിൻ്റെ പേരിൽ നദിയെ മലിനമാക്കരുത്’; സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി
