തിരുവനന്തപുരം: കേരള സർവകലാശാലയിൽ പുതിയ പോര്. ഹൈക്കോടതിയിലെ സർവകലാശാലയുടെ സ്റ്റാൻഡിങ് കോൺസൽ സ്ഥാനത്തുനിന്ന് അഡ്വ. തോമസ് എബ്രഹാമിനെ നീക്കി വിസി മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കിയതാണ് വിവാദത്തിന് തുടക്കം കുറിച്ചത്. എന്നാൽ, വി.സിയുടെ ഉത്തരവ് അനുസരിക്കില്ലെന്നും കോൺസൽ സ്ഥാനത്തുനിന്ന് മാറില്ലെന്നും അഡ്വ. തോമസ് എബ്രഹം മറുപടി കത്ത് നൽകി. തന്നെ നിയമിച്ചത് സിൻഡിക്കേറ്റ് ആയതിനാൽ സിൻഡിക്കേറ്റ് പുതിയ സ്റ്റാന്റിങ് കോൺസിലിനെ നിയമിക്കുന്നതുവരെ ആ സ്ഥാനം ഒഴിയാൻ കഴിയില്ലെന്നാണ് അഡ്വ. തോമസ് എബ്രാഹം കത്തിൽ ചൂണ്ടിക്കാട്ടുന്നത്.സ്റ്റാന്റിങ് കോൺസിലിനെ നിയമിക്കുന്നതിലും മാറ്റുന്നതിലും തീരുമാനമെടുക്കാൻ ചട്ടപ്രകാരമുള്ള അവകാശം സിൻഡിക്കേറ്റിനാണ്. എന്നാൽ, പുതിയ നിയമനങ്ങളിൽ വിസി ചട്ടലംഘനം നടത്തുന്നുവെന്നും രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നുവെന്നും സിൻഡിക്കേറ്റ് ആരോപിക്കുന്നു. എന്നാൽ, ഇക്കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ കഴിയുമെന്ന് വി.സിയും വാദിക്കുന്നു.നേരത്തെ രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സിൻഡിക്കേറ്റിന് വേണ്ടി തോമസ് എബ്രഹാം ഹാജരായിരുന്നു. എന്നാൽ, ആ സമയത്ത് വിസി സ്വന്തം നിലയ്ക്ക് അഡ്വക്കേറ്റ് ഗിരിജ ഗോപാലിനെ അഭിഭാഷകയായി വെച്ചിരുന്നു. സർവകലാശാലയ്ക്ക് നിലവിൽ ഒരു സ്റ്റാൻഡിങ് കോൺസൽ ഉള്ളപ്പോൾ വിസി സ്വന്തം നിലയ്ക്ക് അഭിഭാഷകയെ വെച്ചത് നിയമലംഘനമാണെന്ന് സിൻഡിക്കേറ്റ് ആരോപിച്ചിരുന്നു. വിസി പുതുതായി നിയമിച്ച അഡ്വ. ഗിരിജ ഗോപാൽ ബിജെപി അനുഭാവിയാണെന്ന രാഷ്ട്രീയ ആരോപണവും സിൻഡിക്കേറ്റ് അംഗങ്ങൾ ഉന്നയിക്കുന്നുണ്ട്.ഈ അധികാര വടംവലി സർവ്വകലാശാലയുടെ ഭരണപരമായ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. വിസിയും ഇടത് സിൻഡിക്കേറ്റും തമ്മിലുള്ള ഈ പോര് നിയമപരമായ പോരാട്ടങ്ങളിലേക്ക് നീങ്ങാനാണ് സാധ്യത.
കേരള സർവകലാശാലയിൽ പോര്: ഹൈക്കോടതി സ്റ്റാൻഡിങ് കോൺസലിനെ മാറ്റി വി.സി; മാറില്ലെന്ന് മറുപടിക്കത്ത്
