“സ്വകാര്യ ദൃശ്യം ഫേസ്ബുക്കിലിടും”; യുവതിയെ ഭീഷണിപ്പെടുത്തിയ കാമുകൻ്റെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു

ഡല്‍ഹി: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് സാധാരണ കാര്യമല്ലെന്നും അത് ഗുരുതരമായ ക്രിമിനല്‍ ഭീഷണിയാണെന്നും സുപ്രീം കോടതി. കേസില്‍ പ്രതിക്ക് തടവുശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി പൂര്‍ണ്ണമായും ശരിവെച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയായ തമിഴ്നാട് സ്വദേശിയുടെ ഹര്‍ജി തള്ളിയത്.പ്രതിയും യുവതിയും രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. പിന്നീട് ബന്ധം തകര്‍ന്നപ്പോള്‍, തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചാല്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ഇടുമെന്നായി കാമുകന്റെ ഭീഷണി.ഇതേത്തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നതിനാല്‍ പ്രതിക്കെതിരെയുള്ള ബലാത്സംഗക്കുറ്റം കോടതി ഒഴിവാക്കിയിരുന്നു.എന്നാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തതിന് വിചാരണക്കോടതി പ്രതിക്ക് ശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതിയും ഇപ്പോള്‍ സുപ്രീം കോടതിയും തള്ളിയത്.ഒരു സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തുന്ന രീതിയില്‍ അവളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഡിജിറ്റല്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് നിയമത്തിന് മുന്നില്‍ കടുത്ത ക്രിമിനല്‍ കുറ്റമാണ്. ഇത്തരം ബ്ലാക്ക്‌മെയിലിംഗുകളെ ലഘുവായി കാണാനാകില്ല.സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും അന്തസ്സിനും വില കല്‍പ്പിക്കുന്ന സുപ്രധാന വിധിയായാണ് നിയമവിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *