ന്യൂഡൽഹി: നോയിഡ സ്വദേശിനി ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം പാഞ്ചോലി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് മേയ് 25 തിങ്കളാഴ്ച ഈ കേസിൽ അടിയന്തരമായി വാദം കേൾക്കും.’വിവാഹജീവിതം നയിച്ചിരുന്ന വീട്ടിൽ യുവതി അസ്വാഭാവികമായി മരണപ്പെട്ട സംഭവത്തിൽ സ്ഥാപനപരമായ പക്ഷപാതവും നടപടിക്രമങ്ങളിലെ വീഴ്ചകളും’ എന്ന തലക്കെട്ടിലാണ് സുപ്രീം കോടതി ഈ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ പ്രാദേശിക ഭരണകൂടവും അന്വേഷണസംഘവും ശ്രമിച്ചുവെന്ന ആക്ഷേപങ്ങളും നടപടിക്രമങ്ങളിലെ വീഴ്ചകളും സുപ്രീം കോടതി നേരിട്ട് പരിശോധിക്കും. കേസ് ഡൽഹി എയിംസിലെ വിദഗ്ധ സംഘത്തെക്കൊണ്ട് പുനഃപരിശോധിക്കാനും സുപ്രീം കോടതി രജിസ്ട്രിക്ക് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയിട്ടുണ്ട്.നിയമബന്ധങ്ങൾ ഉപയോഗിച്ച് അട്ടിമറിശ്രമം; സിബിഐ അന്വേഷണത്തിന് സാധ്യതഭോപ്പാലിലെ ഭർതൃഗൃഹത്തിലാണ് ട്വിഷ ശർമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിംഗ് അഭിഭാഷകനും, മാതാവ് ഗിരിബാല സിംഗ് വിരമിച്ച ജഡ്ജിയുമാണ്. ഇവരുടെ ഉയർന്ന സ്വാധീനവും നിയമബന്ധങ്ങളും ഉപയോഗിച്ച് അന്വേഷണം വഴിതിരിച്ചുവിടാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചതായി ട്വിഷയുടെ കുടുംബം ആരോപിച്ചിരുന്നു. കേസ് ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്നും നീതിന്യായ വ്യവസ്ഥയെ പ്രതികൾ സ്വാധീനിക്കുന്നുവെന്നുമുള്ള ഗുരുതരമായ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. കേസ് പൂർണ്ണമായും സിബിഐക്ക് കൈമാറേണ്ടതുണ്ടോ എന്നും കോടതി തിങ്കളാഴ്ച പരിശോധിക്കും.കേസിൽ പ്രതിയായ ഭർത്താവ് സമർത്ഥ് സിംഗിനെ മൃതദേഹം കണ്ടെത്തി 10 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടർന്ന് ജാമ്യത്തിലിറങ്ങിയ മാതാവ് ഗിരിബാല സിംഗിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കടുത്ത അപാകതകൾ ഉയർന്നതിനെ തുടർന്ന്, കേസിൽ വ്യക്തത വരുത്തുന്നതിനായി ഡൽഹി എയിംസിലെ ഫോറൻസിക് മേധാവി ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധ സംഘം ഭോപ്പാൽ എയിംസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രണ്ടാമത് പോസ്റ്റ്മോർട്ടം ചെയ്യും.
ട്വിഷ ശർമ്മയുടെ മരണം; സുപ്രീം കോടതി നാളെ വാദം കേൾക്കും
