ന്യൂഡല്‍ഹി: ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട യു.എസ് പൗരന്‍ മാത്യു വാന്‍ഡൈക്കിനും ആറ് ഉക്രെയ്ന്‍ പൗരന്മാര്‍ക്കും സ്വന്തം നാട്ടില്‍ തുടരാനുള്ള അനുമതി ഡല്‍ഹി കോടതി അടുത്ത വര്‍ഷം ഫെബ്രുവരി 24 വരെ നീട്ടി. ഏഴ് വിദേശികളുടെയും അപേക്ഷകള്‍ പരിഗണിച്ച് പ്രത്യേക കോടതി ജഡ്ജി പ്രശാന്ത് ശര്‍മയുടെതാണ് ഉത്തരവ്. എന്‍.ഐ.എ അന്വേഷിക്കുന്ന കേസില്‍ കോടതി നടപടികള്‍ അടച്ചിട്ട മുറിയിലാണ് നടന്നത്.കഴിഞ്ഞമാസം ഉപാധികളോടെ ജാമ്യം ലഭിച്ച വാന്‍ഡൈക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതിക്കായി ഡല്‍ഹി കോടതിയില്‍ നേരിട്ടെത്തിയിരുന്നു. ആറ് ഉക്രെയ്ന്‍ പൗരന്മാര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരായത്. കേസിലെ അന്വേഷണം തുടരുകയാണെന്നും അടുത്ത വാദത്തിനിടെ പുരോഗതി കോടതിയെ അറിയിക്കുമെന്നും എന്‍.ഐ.എ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് തന്റെ സാധനങ്ങള്‍ വിട്ടുനല്‍കണമെന്ന വാന്‍ഡൈക്കിന്റെ അപേക്ഷ കോടതി തീര്‍പ്പാക്കിയിട്ടില്ല. കേസിന്റെ തുടര്‍ച്ചയെ ചോദ്യംചെയ്ത വാന്‍ഡൈക്ക്, നടപടികള്‍ അവസാനിക്കുന്നതുവരെ ഇന്ത്യയില്‍ തുടരേണ്ടിവരുമെന്ന ആശങ്കയും പ്രകടിപ്പിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അഭിഭാഷകനെ ഒഴിവാക്കിയെന്നും ഇപ്പോള്‍ സ്വയം കേസ് കൈകാര്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 24നാണ് വാന്‍ഡൈക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു മാസത്തേക്ക് നാട്ടില്‍ പോകാന്‍ കോടതി അനുമതി നല്‍കിയത്.മ്യാന്‍മറില്‍ ഇന്ത്യാവിരുദ്ധ സായുധ സംഘങ്ങള്‍ക്ക് പരിശീലനം നല്‍കിയെന്നാരോപിച്ച് മാര്‍ച്ചില്‍ വിവിധ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യു.എ.പി.എ പ്രകാരമുള്ള ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി പകരം ഇന്ത്യയിലേക്കുള്ള വിദേശികളുടെ പ്രവേശനം, സഞ്ചാരം, താമസം എന്നിവയുമായി ബന്ധപ്പെട്ട ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിന്‍േഴ്‌സ് ആക്ടിലെ 21, 23 വകുപ്പുകള്‍ മാത്രം ചുമത്തിയത് വിവാദമായിരുന്നു. ഗുരുതരവകുപ്പുകള്‍ ഒഴിവാക്കിയതാണ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് കോടതി സ്വീകരിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. യു.എസിന്റെ ഇടപെടല്‍മൂലം ആഭ്യന്തരസംഘര്‍ഷം നിലനിന്ന ലിബിയയിലും സിറിയയിലും സൈനിക പരിശീലനം നല്‍കുന്ന സണ്‍സ് ഓഫ് ലിബര്‍ട്ടി ഇന്റര്‍നാഷനല്‍ എന്ന സംഘടനയുടെ സ്ഥാപകനാണ് വാന്‍ഡൈക്ക്.
ഭീകരപ്രവര്‍ത്തന കേസില്‍ അറസ്റ്റിലായ യു.എസ് ചാരന്‍ മാത്യൂ വൈന്‍ഡൈക്കിന് സ്വന്തം നാട്ടില്‍ തുടരാമെന്ന് ഡല്‍ഹി കോടതി
