‘അവിഹിത ബന്ധത്തിന് തെളിവുണ്ടോ? ഇല്ലെങ്കില്‍ ഭാര്യയുടെ ഫോണ്‍വിളി നോക്കേണ്ട’; കോള്‍ റെക്കോര്‍ഡ് ആവശ്യപ്പെട്ട ഭര്‍ത്താവിന് തിരിച്ചടി

ഒരു പുരുഷനുമായി രാത്രി വൈകി ഫോണില്‍ സംസാരിച്ചു എന്ന കാരണത്താല്‍ സ്ത്രീയുടെ സ്വഭാവത്തെ ചോദ്യം ചെയ്യാനോ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനോ ഭർത്താവിന് അവകാശമില്ലെന്ന് ഡല്‍ഹി കോടതി.പുരുഷന്മാരുമായി സ്ത്രീകള്‍ സംസാരിക്കുന്നത് നിഷിദ്ധമായി കാണുന്ന ഒരു പ്രാകൃത സമൂഹമായി ഇന്ത്യൻ സമൂഹത്തിന് ഇനി മുന്നോട്ട് പോകാനാകില്ലെന്നും കോടതി ശക്തമായ ഭാഷയില്‍ ഓർമ്മിപ്പിച്ചു.ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട്, തന്റെ ഭാര്യയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ടെലികോം കമ്പനിയില്‍ നിന്ന് വാങ്ങി സംരക്ഷിച്ചു വെക്കണമെന്ന ഭർത്താവിന്റെ ഹർജി തള്ളിക്കൊണ്ടാണ് അഡീഷണല്‍ സെഷൻസ് ജഡ്ജി ഷോനാലി ഗുപ്തയുടെ ഈ നിർണായക പരാമർശം.ഭാര്യ രാത്രി വൈകിയും പല പുരുഷന്മാരുമായും ഫോണില്‍ സംസാരിക്കാറുണ്ടെന്നും, അതിന്റെ തെളിവുകള്‍ ടെലികോം കമ്പനികള്‍ പിന്നീട് മായ്ച്ചുകളയാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാല്‍ മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ സാഹചര്യങ്ങളില്ലാതെ, രാത്രി ഫോണ്‍ വിളിച്ചു എന്നതുകൊണ്ട് മാത്രം ഒരു സ്ത്രീയുടെ സ്വഭാവത്തെ സംശയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.സ്വകാര്യതയ്ക്കുള്ള അവകാശം പരിപൂർണ്ണമല്ലെങ്കില്‍ പോലും, ഒരു വ്യക്തിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാൻ കൃത്യമായ നിയമപരമായ കാരണങ്ങള്‍ വേണമെന്നും കോടതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *