എസ്.ഡി.പി.ഐ. പ്രവർത്തകൻ തളങ്കര സൈനുല് ആബിദ് (24) വധക്കേസില് പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു.സംഭവത്തിന് 12 വർഷത്തിന് ശേഷമാണ് കാസർകോട് ജില്ലാ അഡീഷണല് സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അജിന്ത്യ രാജ് ഉണ്ണിയ ഈ വിധി പ്രസ്താവിച്ചത്. കുറ്റം സംശയാതീതമായി തെളിയിക്കുന്നതില് പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് പ്രതികള്ക്ക് അനുകൂലമായത്.കൊലപാതകം പിതാവിൻ്റെ കണ്മുന്നില്2014 ഡിസംബർ 22-ന് രാത്രി കാസർകോട് നഗരത്തിലെ എം.ജി. റോഡില് വെച്ചാണ് കൊലപാതകം നടന്നത്. എം.ജി. റോഡില് ആബിദിൻ്റെ പിതാവിൻ്റെ ഉടമസ്ഥതയിലുള്ള ബെഡ് കടയ്ക്കുള്ളില് വെച്ചാണ് സൈനുല് ആബിദ് കൊല്ലപ്പെട്ടത്. രാത്രി കട അടയ്ക്കുന്നതിനായി സാധനങ്ങള് അടുക്കിവെക്കുന്നതിനിടെ അതിക്രമിച്ച് കയറിയ ആയുധധാരികളായ സംഘം പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ കണ്മുന്നില് വെച്ച് ആബിദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ആബിദിന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയില് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.കേസിലെ പ്രധാന സാക്ഷികളിലൊരാളും ദൃക്സാക്ഷിയുമായിരുന്ന സൈനുല് ആബിദിൻ്റെ പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞി വിചാരണ കാലയളവിനിടെ മരണപ്പെട്ടിരുന്നു. കർണാടകയിലെ ഹുബ്ബള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് മുഹമ്മദ് കുഞ്ഞി മരിച്ചത്.പ്രതികളും അന്വേഷണ സംഘവുംവ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തില് വ്യക്തമാക്കിയിട്ടുള്ളത്. ആർ.എസ്.എസ്. പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനില്കുമാർ, ജ്യോതിഷ് തുടങ്ങിയവരടക്കം 21 പേരായിരുന്നു ഈ കേസിലെ പ്രതികള്. ഇതില് എട്ടാം പ്രതിയായ ജ്യോതിഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് മറ്റ് വിവിധ കേസുകളില് പ്രതിയായി നിലവില് കാപ്പ നിയമപ്രകാരം ജുഡീഷ്യല് കസ്റ്റഡിയില് ജയിലില് കഴിയുകയാണ്.ആബിദ് വധക്കേസ് അന്വേഷണത്തിന് നേതൃത്വം നല്കിയത് അന്നത്തെ കാസർകോട് ജില്ലാ പൊലീസ് മേധാവി തോംസണ് ജോസ് ആയിരുന്നു. അദ്ദേഹത്തിൻ്റെ മേല്നോട്ടത്തില് ഡിവൈ.എസ്.പി. ടി.പി. രഞ്ജിത്ത്, സി.ഐ. പി.കെ. സുധാകരൻ, എസ്.ഐ. എം. രാജേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. അന്നത്തെ സി.ഐ. പി.കെ. സുധാകരനാണ് കേസില് കുറ്റപത്രം സമർപ്പിച്ചത്.
എസ് ഡി പി ഐ പ്രവര്ത്തകൻ സൈനുല് ആബിദ് വധക്കേസ്; മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു
