വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച അധ്യാപകന് യുഎഇയില്‍ കഠിന ശിക്ഷ; രണ്ടു വര്‍ഷം തടവിന് ശേഷം നാടുകടത്തും

അബുദാബിയിലെ സ്വകാര്യ സ്കൂളില്‍ വെച്ച്‌ നാല് വിദ്യാർത്ഥികളെ മർദ്ദിച്ച അധ്യാപകന് രണ്ട് വർഷം തടവും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തലും വിധിച്ച്‌ അബുദാബി ക്രിമിനല്‍ കോടതി.ക്ലാസില്‍ ബഹളമുണ്ടാക്കുന്നത് തടയാനും അച്ചടക്കം പാലിക്കാനുമാണ് താൻ കുട്ടികളെ ശിക്ഷിച്ചതെന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാല്‍ സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച കോടതി പ്രതി കുറ്റം ചെയ്തതായി കണ്ടെത്തുകയും അധ്യാപകന്റെ വാദങ്ങള്‍ തള്ളിക്കളയുകയുമായിരുന്നു.വിദ്യാർത്ഥികളോട് യാതൊരു ന്യായീകരണവുമില്ലാതെ അതിക്രമം കാണിച്ച അധ്യാപകന്റെ നടപടി പൊതുസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കോടതി കർശനമായി നിരീക്ഷിച്ചു. കുറ്റകൃത്യം ആവർത്തിക്കുന്നത് തടയുന്നതിനും വ്യക്തികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിനുമായി നിയമം ശക്തമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, തടവുശിക്ഷയ്ക്ക് പുറമെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകളും പ്രതിയില്‍ നിന്ന് ഈടാക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *