പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ശാരീരികബന്ധത്തിന് സമ്മതിച്ചിരുന്നുവെന്നത് പോക്സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമക്കുറ്റത്തില്‍ ശിക്ഷ കുറയ്ക്കാനുള്ള കാരണമാകില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി.24 വയസ്സുള്ള രൂപേഷ് ബെക്കിനെ കുറ്റക്കാരനാക്കിയ പ്രത്യേക പോക്സോ കോടതിയുടെ വിധിയും 10 വർഷത്തെ കഠിനതടവും ജസ്റ്റിസ് രാജർഷി ഭരദ്വാജ്, ജസ്റ്റിസ് റീതോബ്രതോ കുമാർ മിത്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവച്ചു. രൂപേഷ് ബെക്ക് നല്‍കിയ അപ്പീലിലാണ് 2026 ഓഗസ്റ്റ് 25-ന് വിധി പ്രസ്താവിച്ചത്. അപ്പീലിന് വേണ്ടി അലോകേഷ് സർക്കാർ, സംസ്ഥാനത്തിന് വേണ്ടി സുമിത് കുമാർ കർമാകർ, ഇരയായ പെണ്‍കുട്ടിക്ക് വേണ്ടി ഗ്ലോറിയ മേരി എന്നിവർ ഹാജരായി.2022-ല്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങിലാണ് അന്ന് 17 വയസ്സും 10 മാസവും പ്രായമുള്ള പെണ്‍കുട്ടി 24 വയസ്സുള്ള രൂപേഷ് ബെക്കിനെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയബന്ധമായി മാറി. പെണ്‍കുട്ടി കുടുംബത്തെ അറിയിക്കാതെ രൂപേഷിനൊപ്പം വാടകവീട്ടില്‍ താമസിക്കുകയും 2022 ഡിസംബർ മുതല്‍ ഇരുവരും ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്തതായി കോടതി രേഖപ്പെടുത്തി. പിന്നീട് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കടംതല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. 2023 മേയ് 22-ന് കടംതല പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു.പോക്സോ നിയമത്തിലെ വകുപ്പ് 5(ജെ)(2), 5(എല്‍) എന്നിവ വകുപ്പ് 6-നൊപ്പം ചേർത്താണ് പ്രത്യേക കോടതി രൂപേഷ് ബെക്കിനെ കുറ്റക്കാരനാക്കിയത്. 2024 ഏപ്രില്‍ 15-ന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഏപ്രില്‍ 16-ന് 10 വർഷത്തെ കഠിനതടവ് വിധിക്കുകയും ചെയ്തു. ഇതിനെതിരെയാണ് രൂപേഷ് ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടി സ്വന്തം നിലയില്‍ പരാതി നല്‍കിയിട്ടില്ലെന്നും മൊഴികളില്‍ വൈരുധ്യമുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ കാലതാമസമുണ്ടെന്നും പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്നുമായിരുന്നു അപ്പീലിലെ പ്രധാന വാദങ്ങള്‍.
വിചാരണയില്‍ പെണ്‍കുട്ടിയെയും അമ്മയെയും പ്രതിഭാഗം എതിർവിസ്താരം ചെയ്തിട്ടില്ലെന്ന കാര്യം ഹൈക്കോടതി നിർണായകമായി പരിഗണിച്ചു. പെണ്‍കുട്ടി രൂപേഷിനൊപ്പം താമസിച്ചിരുന്നുവെന്നും ഇരുവരും മാസങ്ങളോളം ശാരീരികബന്ധത്തിലായിരുന്നുവെന്നുമുള്ള തെളിവുകള്‍ പ്രതിഭാഗം ഫലപ്രദമായി നിഷേധിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും മെഡിക്കല്‍ രേഖകളും പ്രോസിക്യൂഷൻ വാദത്തെ പിന്തുണയ്ക്കുന്നതായും കോടതി വിലയിരുത്തി.
പോക്സോ നിയമത്തിലെ വകുപ്പ് 29 പ്രകാരമുള്ള നിയമാനുമാനവും കേസില്‍ ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റത്തിന് ആവശ്യമായ അടിസ്ഥാന വസ്തുതകള്‍ പ്രോസിക്യൂഷൻ സ്ഥാപിച്ചുകഴിഞ്ഞാല്‍, അതിനെ മറികടക്കാൻ അനുയോജ്യമായ വാക്കാലോ രേഖാമൂലമോ ഉള്ള തെളിവുകള്‍ പ്രതി ഹാജരാക്കണം. എന്നാല്‍ പെണ്‍കുട്ടിയുമായുള്ള സഹവാസവും ശാരീരികബന്ധവും സംബന്ധിച്ച തെളിവുകള്‍ തള്ളാൻ രൂപേഷ് ബെക്ക് തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് കോടതി കണ്ടെത്തി. അതിനാല്‍ പോക്സോ നിയമത്തിലെ വകുപ്പ് 5 പ്രകാരമുള്ള കുറ്റം തെളിഞ്ഞതായി ബെഞ്ച് വിലയിരുത്തി.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടി ശാരീരികബന്ധത്തിന് സമ്മതിച്ചിരുന്നുവെന്നുമുള്ള വസ്തുത കോടതി അംഗീകരിച്ചു. എന്നാല്‍ പ്രായപൂർത്തിയാകാത്തയാളുടെ സമ്മതം പോക്സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമക്കുറ്റത്തിന്റെ ഗൗരവം കുറയ്ക്കുന്ന ഘടകമായി കണക്കാക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. അങ്ങനെ ചെയ്താല്‍ കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാൻ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ തകരുമെന്നും കോടതി പറഞ്ഞു. അതിനാല്‍ പ്രത്യേക കോടതി വിധിച്ച ശിക്ഷയില്‍ ഇടപെടാൻ കാരണമില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.
2026 ജനുവരി 9-ന് സുപ്രീംകോടതി പരിഗണിച്ച കേസില്‍ പരാമർശിച്ച റോമിയോ-ജൂലിയറ്റ് വ്യവസ്ഥയുടെ തത്വങ്ങള്‍ ഈ കേസില്‍ പ്രയോഗിക്കാനാകുമോയെന്നും ഹൈക്കോടതി പരിശോധിച്ചു. സമാന പ്രായത്തിലുള്ള കൗമാരക്കാരുടെ പ്രണയബന്ധങ്ങളെ പോക്സോ നിയമത്തിന്റെ കർശനമായ പ്രയോഗം അനാവശ്യമായി തകർക്കുന്നത് ഒഴിവാക്കുകയാണ് അത്തരമൊരു വ്യവസ്ഥയുടെ ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ റോമിയോ-ജൂലിയറ്റ് വ്യവസ്ഥ ഇതുവരെ പോക്സോ നിയമത്തിന്റെ ഭാഗമായിട്ടില്ലെന്നും വിധിയില്‍ പ്രത്യേകം വ്യക്തമാക്കി.
