കൊച്ചി ∙ പാലക്കാട് ശ്രീകൃഷ്ണപുരത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മറ്റ് പ്രതികളെ കണ്ടെത്താൻ, സംശയിക്കപ്പെടുന്നവരുടെ വിരലടയാളങ്ങൾ ആധാർ ഡേറ്റാബേസുമായി ഒത്തുനോക്കി വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് യുഐഡിഎഐക്ക് ഹൈക്കോടതി നിർദേശം. 2016 നവംബർ 14ന് രാത്രിയിലാണ് ശ്രീകൃഷ്ണപുരം കണ്ണുകുറിശ്ശിയിലെ വസതിയിൽ ഗോപാലകൃഷ്ണൻ (രാജൻ), ഭാര്യ അമ്മിണിക്കുട്ടി (തങ്കമണി) എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്.മൂന്ന് പവൻ സ്വർണവും 4000 രൂപയും കവരുന്നതിനായിരുന്നു കൊലപാതകം. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളം ഒത്തുനോക്കി രാജേന്ദ്രൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ആയിരത്തിലധികം ആളുകളുടെ വിരലടയാളങ്ങൾ പരിശോധിച്ചിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് ആധാർ ഡേറ്റാബേസിന്റെ സഹായം തേടാൻ അന്വേഷണസംഘം യുഐഡിഎഐയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം നിരസിക്കപ്പെട്ടതോടെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ യുഐഡിഎഐ ശക്തമായ എതിർപ്പാണ് കോടതിയിൽ ഉന്നയിച്ചത്. ആധാർ നിയമപ്രകാരം വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ കൈമാറാൻ നിയമപരമായ അനുമതിയില്ലെന്നും പേപ്പറിൽ ശേഖരിച്ച വിരലടയാളങ്ങൾ ഡിജിറ്റൽ ആധാർ ഡേറ്റാബേസുമായി ഒത്തുനോക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി. കൂടാതെ കെ.എസ്. പുട്ടസ്വാമി കേസ് വിധി മുൻനിർത്തി, പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്നും യുഐഡിഎഐ വാദിച്ചു. എന്നാൽ പ്രതികൾ തമിഴ്നാട്ടിലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നുണ്ടെന്നാണ് കരുതുന്നതെന്നും രാജ്യത്തെ മുഴുവൻ ആളുകളെയുമല്ല, കോയമ്പത്തൂർ ജില്ലക്കാരുടെ വിവരങ്ങൾ മാത്രം പരിശോധിച്ചാൽ മതിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സി-ഡാക്കിന്റെ സാങ്കേതിക സഹായത്തോടെ വിരലടയാള ചിത്രങ്ങൾ ബൈനറി ഫോർമാറ്റിലാക്കി ആധാർ ഡേറ്റാബേസുമായി ഒത്തുനോക്കാൻ കഴിയുമെന്നും അവർ കോടതിയെ അറിയിച്ചു.
