അലഹബാദ്: ഉത്തർപ്രദേശിൽ ബാലവിവാഹങ്ങൾ വർധിക്കുന്നതിൽ ആശങ്കരേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി. ഇത്തരം വിവാഹങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് കോടതി നിർദേശം നൽകി. പതിനാലര വയസുകാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച കേസിൽ പ്രതികൾക്കെതിരായ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ചുകൊണ്ട് കോടതി ഇടപെടൽ.രാജ്യത്ത് നിന്ന് തുടച്ചു നീക്കപ്പെടേണ്ട സാമൂഹിക തിന്മയാണ് ബാലവിവാഹം. ഭരണഘടനപരമായ അനിവാര്യതയാണ് ബാലവിവാഹ നിരോധനം. ബാലവിവാഹ നിരോധന നിയമപ്രകാരം കുറ്റക്കാർക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കാത്തതിനാലാണ് ഉത്തർപ്രദേശിൽ ഇത്തരം സംഭവങ്ങൾ ഒന്നിനുപുറകെ ഒന്നായി വർദ്ധിച്ചുവരുന്നത്. അന്വേഷണത്തിനിടയിലോ അല്ലാതെയോ ബാലവിവാഹങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ നിയമത്തിലെ 10, 11 സെക്ഷനുകൾ പ്രകാരം നടപടികൾ സ്വീകരിക്കാൻ എല്ലാ പൊലീസ് കമ്മീഷണർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി കർശന മാർഗനിർദ്ദേശം നൽകണമെന്നും കോടതി നിർദേശിച്ചു.ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 15 വയസ്സിൽ താഴെ പ്രായമുള്ള തന്റെ മകളെ ഒരു യുവാവ് പ്രലോഭിപ്പിച്ച് വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്നാണ് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതി. പെൺകുട്ടി വീട്ടിൽ നിന്നും സ്വർണ്ണവും പണവുമായിട്ടാണ് പോയതെന്നും പ്രതിയും കുടുംബവും അവളെ ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണെന്നും പരാതിയിൽ പറഞ്ഞിരുന്നത്.എന്നാൽ, പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മാതാപിതാക്കളുടെ എതിർപ്പ് കാരണമാണ് വ്യാജ കേസ് നൽകിയതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. സ്‌കൂൾ രേഖകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന സമയത്ത് പെൺകുട്ടിക്ക് 14 വയസ്സും ഏഴ് മാസവും മാത്രമായിരുന്നു പ്രായമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
ഉത്തർപ്രദേശിൽ ബാലവിവാഹം വർധിക്കുന്നു ‘; ആശങ്ക രേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി
