അഭിമന്യു വധക്കേസ്; സാക്ഷിവിസ്താരം ഒക്ടോബറിൽ തുടങ്ങും; ഡിസംബർ ആറിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു വധക്കേസിലെ സാക്ഷിവിസ്താരം ഒക്ടോബറിൽ തുടങ്ങും. ഒക്ടോബർ 15 മുതൽ 17 ദിവസമാകും സാക്ഷി വിസ്താരം. ഡിസംബർ ആറിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.അഭിമന്യുവിന്‍റെ അമ്മയുടെ ഹരജിയും ഹൈക്കോടതിയുടെ മുൻപിലുണ്ടായിരുന്ന ഇടപെടലുകളുമാണ് വിചാരണ നടപടികൾ വേഗത്തിലാക്കാൻ കാരണമായത്. രാവിലെ കേസ് പരിഗണിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ കോടതി മാറ്റിവെക്കുകയായിരുന്നു. പിന്നീടാണ് തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായത്. നേരത്തെ, സാക്ഷിവിസ്താരം നാല് മാസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. സാക്ഷിവിസ്താരം പൂർത്തിയാകുന്നതോടെ പ്രതിഭാഗത്തിന്‍റെ വാദങ്ങൾ കേട്ട് കേസ് അന്തിമ വിചാരണ നടപടികളിലേക്ക് കടക്കും.ഈ മാസം പതിമൂന്നിന് കേസിലെ പ്രതികൾ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായിരുന്നു. വിചാരണാ നടപടികളുടെ ഭാഗമായി കോടതി പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോഴും തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം.2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ എറണാകുളം മഹാരാജാസ് ക്യാമ്പസിൽ കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ 30 പ്രതികളാണുള്ളത്. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 16 പേർക്കെതിരെ 1500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *