‘ജാമ്യം സ്വാഭാവിക നീതി’; ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ നിർണായക നിരീക്ഷണം

ന്യൂഡൽഹി: ഭീകരവിരുദ്ധ നിയമമായ യു എ പി എ ചുമത്തപ്പെട്ട കേസുകളിൽപ്പോലും ‘ജാമ്യം സ്വാഭാവിക നീതിയാണ്’ എന്ന് സുപ്രീം കോടതി. ഡൽഹി കലാപക്കേസിൽ അറസ്റ്റിലായ മുൻ ജെ എൻ യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച സുപ്രീം കോടതിയുടെ തന്നെ മറ്റൊരു ബെഞ്ചിന്റെ മുൻ ഉത്തരവിനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. നർക്കോ-ടെററിസം കേസുമായി ബന്ധപ്പെട്ട് അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്ന ജമ്മു കശ്മീർ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതി ഈ നിലപാട് വ്യക്തമാക്കിയത്.യു എ പി എ പോലുള്ള കടുത്ത നിയമങ്ങൾ ചുമത്തിയാലും ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം (ആർട്ടിക്കിൾ 21) ഇല്ലാതാകുന്നില്ല. കുറ്റം എത്ര ഗുരുതരമാണോ, അത്രയും വേഗത്തിൽ വിചാരണ പൂർത്തിയാക്കണം. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച മുൻ ജഡ്ജ്മെന്റിലെ കണ്ടെത്തലുകളോട് വിയോജിക്കുന്നതായി കോടതി അറിയിച്ചു. വലിയ ബെഞ്ചുകളുടെ ഉത്തരവുകൾ ലഘൂകരിക്കാനോ മറികടക്കാനോ ചെറിയ ബെഞ്ചുകൾക്ക് അധികാരമില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.ഒരു പ്രതിയെ വിചാരണയൊന്നുമില്ലാതെ അനിശ്ചിതകാലത്തേക്ക് ജയിലിലിടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ 2021-ലെ ചരിത്രപരമായ കെ എ നജീബ് കേസിലെ വിധി സുപ്രീം കോടതി വീണ്ടും ഉയർത്തിക്കാട്ടി. നീണ്ടുപോകുന്ന വിചാരണ തടവ് ജാമ്യം ലഭിക്കാനുള്ള ശക്തമായ കാരണമാണ്. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച ബെഞ്ച്, അവർക്ക് ഒരു വർഷത്തേക്ക് ജാമ്യാപേക്ഷ നൽകാൻ കഴിയില്ലെന്ന രീതിയിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങളോടും പുതിയ ബെഞ്ച് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.ഡൽഹി കലാപ ഗൂഢാലോചന കേസിൽ 2026 ജനുവരി അഞ്ചിന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിൽ കൂട്ടുപ്രതിക്കും ജാമ്യം നിഷേധിച്ചിരുന്നു. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നായിരുന്നു അന്ന് കോടതിയുടെ നിരീക്ഷണം. എന്നാൽ, കേസിലെ കൂട്ടുപ്രതികൾക്ക് കർശന വ്യവസ്ഥകളോടെയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. മറ്റ് പ്രതികളിൽ നിന്ന് വ്യത്യസ്തമായ പങ്കാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഗൂഢാലോചനയിലുള്ളതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *