‘ഞാൻ കൊടും കുറ്റവാളിയോ ഭീകരവാദിയോ ആണോ? വേട്ടനായകളേപ്പോലെ പിന്തുടരുന്നു’; പവൻ ഖേര സുപ്രീം കോടതിയിൽ

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. ചൊവ്വാഴ്ച വരെ തന്റെ മുൻകൂർ ജാമ്യം നീട്ടിനൽകണമെന്ന ഖേരയുടെ ആവശ്യം ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് നിരാകരിച്ചു. റിനികി ഭൂയാൻ ശർമ്മയ്ക്ക് ഒന്നിലധികം പാസ്‌പോർട്ടുകൾ ഉണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് അസമിൽ ഫയൽ ചെയ്ത എഫ്.ഐ.ആറിലാണ് ഈ നിയമനടപടികൾ നടക്കുന്നത്.ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി കോടതിയിൽ വൈകാരികമായ വാദങ്ങളാണ് ഉന്നയിച്ചത്. ഒരു വേട്ടനായയെപ്പോലെയാണ് അവർ ഇദ്ദേഹത്തെ പിന്തുടരുന്നത് എന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഗുവാഹത്തിയിൽ ഇ-ഫയലിങ് സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ അദ്ദേഹം വല്ല കൊടും കുറ്റവാളിയോ ഭീകരവാദിയോ ആണോ എന്നും അഭിഭാഷകൻ കോടതിക്ക് മുന്നിൽ ചോദിച്ചു.എന്നാൽ, മുൻകൂർ ജാമ്യത്തിനായി അസമിലെ ബന്ധപ്പെട്ട കോടതിയെ തന്നെ സമീപിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സുപ്രീം കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഖേര സമർപ്പിക്കുന്ന അപേക്ഷ അവിടുത്തെ കോടതി സ്വതന്ത്രമായി പരിഗണിക്കണമെന്നും, രേഖകളുടെയും മെറിറ്റിന്റെയും അടിസ്ഥാനത്തിൽ വേണം തീരുമാനമെടുക്കാനെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി മുൻപ് പുറപ്പെടുവിച്ച ഉത്തരവുകളിലെ നിരീക്ഷണങ്ങൾ അസം കോടതിയുടെ തീരുമാനത്തെ ഒരു തരത്തിലും സ്വാധീനിക്കരുതെന്നും ബെഞ്ച് പ്രത്യേകം നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *