കൊച്ചി: വിവാഹിതയായ മകളാണെന്ന കാരണത്താല്‍ മാത്രം ആശ്രിത നിയമനത്തിനുള്ള അപേക്ഷ നിരസിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനത്തിനായി സമര്‍പ്പിച്ച അപേക്ഷ തള്ളിയ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടു. വിവാഹിതയാണെന്നതും പിതാവിനെ സാമ്പത്തികമായി പൂര്‍ണമായും ആശ്രയിച്ചിരുന്നില്ലെന്നതുമായിരുന്നു അപേക്ഷ നിരസിക്കാന്‍ കമ്പനി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍.ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ‘ഡൈയിങ് ഇന്‍ ഹാര്‍നെസ്’ പദ്ധതിപ്രകാരം നിയമനം ആവശ്യപ്പെട്ട് തലശ്ശേരി സ്വദേശിനി ഷമല്യ ഉല്ലാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കമ്പനിയില്‍ സബ് സ്റ്റാഫായി ജോലി ചെയ്തിരുന്ന പരേതനായ എം.സി. ഉല്ലാസ് കുമാറിന്റെ മകളാണ് ഷമല്യ. പിതാവിന്റെ മരണശേഷം ആശ്രിത നിയമനത്തിനായി അപേക്ഷ നല്‍കിയെങ്കിലും വിവാഹിതയാണെന്നും പിതാവിനെ പൂര്‍ണമായും ആശ്രയിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി കമ്പനി അപേക്ഷ തള്ളുകയായിരുന്നു.
തുടര്‍ന്ന് ഷമല്യയുടെ അമ്മ ജോലിക്കായി അപേക്ഷ നല്‍കുകയും, പിന്നീട് മകനെ നിയമനത്തിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കമ്പനി സഹോദരന് നിയമനം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം ജോലിയില്‍ പ്രവേശിച്ചില്ലെന്ന് കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ന്യൂസിലന്‍ഡില്‍ ജോലി ചെയ്ത് സാമ്പത്തികമായി സ്വയംപര്യാപ്തനായതിനാല്‍ അദ്ദേഹം നിയമനം സ്വീകരിക്കാന്‍ താല്‍പര്യം കാണിച്ചില്ലെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാല്‍, നിലവില്‍ അമ്മയെ സംരക്ഷിക്കുന്നത് താനാണെന്ന് ഷമല്യ കോടതിയെ ബോധിപ്പിച്ചു.വിവാഹിതയായ മകളാണെന്ന കാരണത്താലും പിതാവിനെ പൂര്‍ണമായും ആശ്രയിച്ചിരുന്നില്ലെന്ന വാദത്തിന്റെ അടിസ്ഥാനത്തിലുമാണ് അപേക്ഷ നിരസിച്ചതെന്ന് ഷമല്യയുടെ അഭിഭാഷകന്‍ ടി.പി. സാജിദ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ആശ്രിത നിയമന പദ്ധതിയില്‍നിന്ന് വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കാനാകില്ലെന്ന സുപ്രീം കോടതിയുടെ മുന്‍കാല വിധിയും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സുപ്രീം കോടതിയുടെ ‘സയാറ ഖാത്തൂന്‍’ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ ഷമല്യയുടെ അപേക്ഷ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
