ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജിയില്‍ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും

കേരള രാഷ്ട്രീയത്തില്‍ വൻ ജനശ്രദ്ധയാകർഷിച്ച മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ നിർണായക വഴിത്തിരിവ്. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജിയില്‍ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും.നിലവില്‍ കണ്ണൂർ അഡീഷണല്‍ സെഷൻസ് കോടതിയില്‍ നടക്കുന്ന വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം.കേസിന്റെ വിചാരണാ നടപടികള്‍ മനഃപൂർവം നീട്ടിക്കൊണ്ടുപോകാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്ന ആക്ഷേപങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കോടതി മാറ്റത്തിനായുള്ള ഹരജി സമർപ്പിക്കപ്പെട്ടത്. ഈ ഹരജി മുൻപ് പരിഗണിച്ച സെഷൻസ് കോടതി, അഡീഷണല്‍ സെഷൻസ് കോടതിയിലെ വിചാരണാ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഹരജിയില്‍ തീരുമാനമാകാത്തതിനാല്‍ സാക്ഷിവിസ്താരവുമായി സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകർ തയ്യാറായിരുന്നില്ല.നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വിധിമുൻപ് സാക്ഷിവിസ്താരം തടസ്സപ്പെടുത്താനും വിചാരണ നീട്ടിവെക്കാനുമുള്ള പ്രതിഭാഗത്തിന്റെ നീക്കങ്ങള്‍ക്കെതിരെ വിചാരണക്കോടതി കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രതികള്‍ മനഃപൂർവം വിചാരണ വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച അഡീഷണല്‍ സെഷൻസ് കോടതി, കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് പ്രതികള്‍ക്ക് വീണ്ടും ജാമ്യം അനുവദിക്കുകയുമായിരുന്നു.കേസിന്റെ വിചാരണാ നടപടികള്‍ നിലവില്‍ പ്രാരംഭ ഘട്ടത്തില്‍ മാത്രമാണ്. കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. കേസിന്റെ തുടർന്നുള്ള വിചാരണാ നടപടികള്‍ ഏത് കോടതിയില്‍ വെച്ച്‌, എത്രയും വേഗം പൂർത്തിയാക്കണമെന്ന കാര്യത്തില്‍ ഇന്ന് തലശ്ശേരി സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വിധി ഏറെ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *