ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള ഫെഡറേഷന്റെ തീരുമാനത്തിൽ കോടതി ഇടപെടുകയും താരത്തെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.ഏഷ്യൻ ഗെയിംസ് സെലക്ഷൻ പ്രക്രിയയിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന കർശന നിർദേശം കോടതി നൽകി. മാത്രമല്ല, ഫോഗട്ടുമായി ബന്ധപ്പെട്ട വിഷയം വിലയിരുത്താൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി ആവശ്യപ്പെട്ടു. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയലിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചതാണ് ഫോഗട്ടിന് തിരിച്ചടിയായത്. പുതിയ നിയമങ്ങൾക്ക് കീഴിൽ, 2025 ലും 2026 ലും തിരഞ്ഞെടുക്കപ്പെട്ട ടൂർണമെന്റുകളിൽ നിന്ന് മെഡൽ നേടിയവർക്ക് മാത്രമേ ട്രയലുകളിൽ മത്സരിക്കാൻ യോഗ്യതയുണ്ടാവുകയുള്ളൂ. 2024 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ഒരു പ്രൊഫഷണൽ ടൂർണമെന്റിലും വിനേഷ് ഫോഗട്ട് പങ്കെടുത്തിരുന്നില്ല. അതിനാൽ തന്നെ പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ വരുന്നതോടുകൂടി താരം പുറത്തായി. ഇതിനെ ഫോഗട്ട് ചോദ്യംചെയ്തു.ഫെഡറേഷൻ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതും കോടതി വിമർശിച്ചു. മാത്രമല്ല, ഗർഭകാലത്തും വിശ്രമകാലത്തും താരത്തിന് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് മാതൃത്വം ആഘോഷിക്കപ്പെടുന്നുണ്ടെന്നും ഫെഡറേഷൻ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കരുതെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.‘അവർ 2025 ജൂലായിൽ അമ്മയായി. ഇപ്പോൾ മേയ് ആണ്. അവർ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ഗുസ്തി താരമാണ്. നിങ്ങൾ അവൾക്കായി മാനദണ്ഡങ്ങൾ മാറ്റിയെന്ന് എന്തുകൊണ്ട് അനുമാനിച്ചുകൂടാ? വ്യക്തിപരമായ വൈരാഗ്യമോ തർക്കമോ ഉണ്ടായാലും, കായികരംഗത്തിന് എന്തിന് ദോഷം വരണം? മാതൃത്വം രാജ്യത്ത് ആഘോഷിക്കപ്പെടുന്നു. അത് ഒരാളുടെ ദോഷത്തിനായി സംഭവിക്കണോ?’കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.വിനേഷ് ഫോഗട്ടിന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ കാരണംകാണിക്കൽ നോട്ടീസയച്ചതോടെയാണ് വിവാദം മുറുകിയത്. പാരീസ് ഒളിമ്പിക്‌സിൽ ഫൈനലിലെത്തിയശേഷം ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ടതിനും ഉത്തേജകവിരുദ്ധ നടപടികൾ പാലിക്കാത്തതിനും ഫെഡറേഷൻ വിശദീകരണം ആവശ്യപ്പെട്ടു. വിനേഷിന് 2026 ജൂൺവരെ മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്നും 15 പേജുള്ള നോട്ടീസിൽ പറഞ്ഞിരുന്നു.2024 പാരീസ് ഒളിമ്പിക്‌സിൽ വിനേഷ് ഫൈനലിലെത്തിയെങ്കിലും ഫൈനൽ ദിവസം രാവിലെ ഭാരം എടുത്തപ്പോൾ 100 ഗ്രാം അധികമായതിനാൽ അയോഗ്യയാക്കപ്പെട്ടിരുന്നു. ഇതോടെ മെഡൽസാധ്യത അടഞ്ഞു. അതിനുപിന്നാലെ മത്സരത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഇപ്പോൾ ഹരിയാണയിൽ കോൺഗ്രസ് എം.എൽ.എയാണ്.എന്നാൽ, 2028 ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് മത്സരരംഗത്തേക്ക് തിരിച്ചുവരുകയാണെന്ന് വിനേഷ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. വിരമിച്ച താരങ്ങൾ തിരിച്ചുവരുമ്പോൾ ഉത്തേജക മരുന്ന് പരിശോധനയും മറ്റും പൂർത്തിയാക്കാൻ ആറുമാസത്തെ നോട്ടീസ് സമയമുണ്ടെന്നും അത് പൂർത്തിയാകാതെ മത്സരിക്കാനാകില്ലെന്നും ഗുസ്തി ഫെഡറേഷൻ വ്യക്തമാക്കി. 2026 ജൂൺ 26-നാണ് വിനേഷിന്റെ നോട്ടീസ് സമയം പൂർത്തിയാകുന്നത്. പാരീസ് ഒളിമ്പിക്‌സിലുണ്ടായ സംഭവങ്ങൾ ഇന്ത്യൻ ഗുസ്തിക്ക് അപമാനമായെന്നും ഉത്തേജക ഏജൻസിയുടെ പരിശോധനയ്ക്ക് കൃത്യമായി ഹാജരായില്ലെന്നും കാരണംകാണിക്കൽ നോട്ടീസിൽ പറയുന്നു.
പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കരുത്; ട്രയൽസിൽ വിനേഷിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി
