നികുതി വെട്ടിപ്പ്; പോപ് ഗായിക ഷക്കീറയെ സ്പാനിഷ് കോടതി കുറ്റവിമുക്തയാക്കി

നികുതിവെട്ടിപ്പു കേസില്‍ കൊളംബിയൻ പോപ് ഗായിക ഷക്കീറയെ സ്പാനിഷ് കോടതി കുറ്റവിമുക്തയാക്കി. പിഴയും പലിശയും ഉള്‍പ്പെടെ 8.7 കോടി ഡോളറിലധികം ഷക്കീറയ്ക്കു തിരികെ നല്‍കാൻ സർക്കാരിനോടു കോടതി നിർദേശിക്കുകയും ചെയ്തു.2011 നികുതിവർഷത്തെ തർക്കവുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന കേസിലാണ് താരത്തിന് അനുകൂലമായി മാഡ്രിഡിലെ കോടതിയില്‍നിന്നു വിധി വന്നിരിക്കുന്നത്.ഷക്കീറ സ്പെയിനിലെ താമസക്കാരിയാണെന്നു തെളിയിക്കുന്നതില്‍ രാജ്യത്തെ നികുതി അധികാരികള്‍ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. സ്പെയിനില്‍ ഒരാളെ രാജ്യത്തെ നികുതിദായകനായി കണക്കാക്കണമെങ്കില്‍ ആ വ്യക്തി 183 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തു ചെലവഴിക്കണം. എന്നാല്‍, നികുതിവെട്ടിപ്പ് നടത്തിയതായി പറയപ്പെടുന്ന വർഷം ഷക്കീറ 163 ദിവസം മാത്രമേ രാജ്യത്തു താമസിച്ചിട്ടുള്ളൂവെന്നാണ് അധികൃതർക്കു തെളിയിക്കാനായത്.2011ല്‍ ഷക്കീറ ഫുട്ബോള്‍ താരമായ ജെറാർഡ് പിക്വുമായുള്ള ബന്ധത്തിലൂടെ രാജ്യവുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരുടെ പ്രധാന സാമ്പത്തികപ്രവർത്തനങ്ങള്‍ സ്പെയിനിലാണു നടന്നിരുന്നതെന്നും നികുതി ഏജൻസി വാദിച്ചു. എന്നാല്‍ ആ ബന്ധത്തെ നിയമപരമായി ഒരു വിവാഹബന്ധവുമായി തുലനം ചെയ്യാൻ കഴിയില്ലെന്നും 2011ല്‍ ഷക്കീറയുടെ പ്രവർത്തനങ്ങളുടെയോ സാമ്പത്തിക താത്പര്യങ്ങളുടെയോ “പ്രധാന കേന്ദ്രമോ അടിത്തറയോ” നേരിട്ടോ അല്ലാതെയോ സ്പെയിനിലായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിധിച്ചു.പതിനാറ് വർഷങ്ങള്‍ക്കു ശേഷം ലോകകപ്പ് ഫുട്ബോളിന്റെ ഒൗദ്യോഗിക ഗാനവുമായി ഏതാനും ദിവസം മുന്പാണ് ഷക്കീറയെത്തിയത്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആന്തം ‘ദായ് ദായ്’യുടെ ടീസർ ഇറങ്ങി ദിവസങ്ങള്‍ക്കകമാണ് ഷക്കീറയെത്തേടി അനുകൂല കോടതി വിധിയും എത്തിയിരിക്കുന്നത്.ഒരു മിനിറ്റ് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. 2010 ഫിഫ ലോക കപ്പിന് വേണ്ടി ഷക്കീറ പാടിയ ‘വക്കാ വക്കാ’ (ദിസ് ടൈം ഫോർ ആഫ്രിക്ക) ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *