2004ലെ മെഡിക്കല്‍- എൻജിനിയറിങ് പ്രവേശന പരീക്ഷാ അട്ടിമറി: ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റപത്രം നിലനില്‍ക്കുമെന്ന് വിജിലൻസ് കോടതി

2004ലെ മെഡിക്കല്‍- എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് തിരുത്തി മെറിറ്റ് സീറ്റുകള്‍ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ക്ക് വില്‍പ്പനക്കായി മറിച്ചു നല്‍കിയെന്ന പരാതിയില്‍ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൻമേലുള്ള കുറ്റപത്രം നിലനില്‍ക്കുമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി മനോജ് ഉത്തരവിട്ടു.പ്രവേശന പരീക്ഷാ കമ്മിഷണർ ആയിരുന്ന സി കെ വിശ്വനാഥൻ, അക്കാദമിക് ജോയിന്റ് കമ്മിഷണർ ആയിരുന്ന രാജൂ കൃഷ്ണൻ, കമ്പ്യൂട്ടർ വിഭാഗം ജോയിന്റ് കമ്മിഷണർ ആയിരുന്ന ടി ജി വിജയകുമാർ, ടെക്നിക്കല്‍ അസിസ്റ്റന്റ്-1 ആയിരുന്ന പി പി അജിത് എന്നിവരാണ് കേസിലെ പ്രതികള്‍. സി കെ വിശ്വനാഥനാണ് ഒന്നാം പ്രതി.വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ തിരുവനന്തപുരം പൂജപ്പുര ആസ്ഥാനമായുള്ള സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -1 അന്വേഷിച്ച ഈ കേസില്‍ അന്നത്തെ എസ്പി ആയിരുന്ന കെ ഇ ബൈജു പ്രതികള്‍ കുറ്റക്കാരെന്നുകണ്ട് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കേസിന്റെ വിചാരണ വേളയില്‍ കേസില്‍ പുനരന്വേഷണം ആവശ്യമുണ്ടെന്ന കാരണം പറഞ്ഞു ഫയല്‍ തിരികെവാങ്ങി പുനരന്വേഷണം നടത്തുകയും എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി അതേ എസ്പി ബൈജു തന്നെ വീണ്ടും കോടതിയില്‍ റിപ്പോർട്ട് നല്‍കുകയും ചെയ്യുകയായിരുന്നു.മെരിറ്റില്‍ സീറ്റ് ലഭിക്കാതെപോയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളില്‍ ചിലർ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി എ ബദറുദീൻ വിജിലൻസിന്റെ രണ്ട് റിപ്പോർട്ടുകളിലെയും തെളിവുകള്‍ പരിശോധിച്ചു തീരുമാനമെടുക്കാൻ വിചാരണ കോടതിയ്ക്ക് നഉത്തരവ് നല്‍കി. തുടർന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതി ആദ്യ കുറ്റപത്രം സ്വീകരിച്ചുകൊണ്ട് ഉത്തരവിട്ടത്.പ്രവേശന പരീക്ഷയില്‍ സംവരണ സീറ്റുകളില്‍ അർഹരായ അപേക്ഷകർ ഇല്ലെങ്കില്‍ ആ സീറ്റുകള്‍ ജനറല്‍ സീറ്റാക്കി മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കണമെന്ന ഹൈക്കോടതിവിധി അട്ടിമറിച്ചാണ് 2004 ല്‍ ക്രമക്കേട് നടത്തിയത്. 2799 മെറിട്ട് സീറ്റുകളാണ് ഇങ്ങനെ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ക്ക് നല്‍കി അവ കാപ്പിറ്റേഷൻ ഫീ വാങ്ങി വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു സാമ്പത്തിക ലാഭം കൊയ്യാൻ അവസരം ഉണ്ടാക്കികൊടുത്തത്. കോടികളുടെ ഇടപാടാണ് ഇതില്‍നടന്നത്.സർക്കാർ അംഗീകരിച്ച്‌ പ്രവേശന പരീക്ഷണ കമ്മിഷണർ പുറത്തിറക്കിയ പ്രോസ്പെക്ടസില്‍ പരിഷ്കരണ കമ്മിറ്റിയുടെയോ സർക്കാരിന്റെയോ അനുമതിയില്ലാതെയാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം തിരുത്തല്‍ വരുത്തിയത്. ബിഎസ്സി നേഴ്സിങ്ങിന് 130 സീറ്റും ബി ഫാമിന് 101 സീറ്റും സിവില്‍ എഞ്ചിനീയറിങ്ങില്‍ 175 സീറ്റും ഇൻഫർമേഷൻ ടെക്നോളജിയില്‍ 71 സീറ്റും ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സില്‍ 74 സീറ്റും മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ 192 സീറ്റും കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങില്‍ 794 സീറ്റും ഓട്ടോമൊബൈല്‍ എൻജിനി യറിങ്ങില്‍ 92 സീറ്റുകളും ആണ് പ്രോസ്പെക്ടസ് വ്യവസ്ഥ അട്ടിമറിച്ച്‌ സ്വാശ്രയ കോളേജുകള്‍ക്ക് ഉദ്യോഗസ്ഥർ കൈമാറിയത്.ആലപ്പുഴ സ്വദേശി എൻ വിജയകുമാർ, തിരുവനന്തപുരം സ്വദേശി സി പി ഗോപകുമാർ എന്നിവരാണ് സീറ്റ് ലഭിക്കാതെ പോയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പ്രതിനിധീകരിച്ച്‌ ഹൈക്കോടതിയെ സമീപിച്ചത്.സിപി ഗോപകുമാർ സർവീസില്‍ നിന്നും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡില്‍ വിജിലൻസ് പോലീസ് സൂപ്രണ്ടായി ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. പ്രവേശനം അട്ടിമറിച്ചത മൂലം അദ്ദേഹത്തിന്റെ മകള്‍ക്ക് ബിഎസ്സി നേഴ്സിങ്ങിന് പ്രവേശനം നഷ്ടപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *