കൂറുമാറുന്ന ഇരകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല: കർണാടക ഹൈക്കോടതി

ബംഗളുരു: ക്രിമിനൽ കേസുകളിൽ കൂറുമാറുകയും പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന ഇരകൾക്ക് സർക്കാരിന്റെ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് കർണാടക ഹൈക്കോടതി.സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് വി. ശ്രീശാനന്ദയുടെ ഈ ഉത്തരവ്. വിചാരണ വേളയിൽ കൂറുമാറിയ, പീഡനത്തെ അതിജീവിച്ച വ്യക്തിക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള വിചാരണ കോടതിയുടെ നിർദേശത്തെയാണ് അതോറിറ്റി ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.വിചാരണ സമയത്ത് മൊഴിമാറ്റിപ്പറഞ്ഞതും, പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടതുമാണ് പ്രതിയെ വെറുതെവിടാൻ കാരണമായതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം ആനുകൂല്യം നൽകാൻ ശുപാർശ ചെയ്യാൻ വിചാരണ കോടതിക്ക് അധികാരമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യുന്നതിന് മുമ്പ് കേസിലെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാന്മാർ ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു. ശുപാർശകൾ യാന്ത്രികമായി അയച്ചുകൊടുക്കുന്ന വെറും ‘പോസ്റ്റ് ഓഫീസ്’ ആയി അവർ പ്രവർത്തിക്കാൻ പാടില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *