കോഴിക്കോട്| സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് വില്‍പ്പന നടത്തിയെന്ന കേസിലെ പ്രതി നിതിന്‍ മോഹന്‍ദാസിന്റെ ജാമ്യപേക്ഷ കോടതി തള്ളി. പരപ്പനങ്ങാടി കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പോലീസ് പ്രതിയെ കസ്റ്റഡിയില്‍ നല്കാന് ആവശ്യപ്പെടും. കേസില്‍ പരാതിക്കാരിയുടെ മൊഴി ചൊവ്വാഴ്ച്ച പോലീസ് രേഖപ്പെടുത്തും.കഴിഞ്ഞ ദിവസമാണ് വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ദാസിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്ത് അവ മോര്‍ഫ് ചെയ്തശേഷം പണം വാങ്ങി വിവിധ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വിറ്റുവെന്നാണ് പരാതി.നിതിന്‍ ഉപയോഗിച്ച ഡിവൈസില്‍ നിന്നാണ് ഫോട്ടോകള്‍ മോര്‍ഫ് ചെയ്തതെന്ന് പരപ്പനങ്ങാടി പോലീസ് കണ്ടെത്തി. പ്രതി മൂന്ന് ടെലഗ്രാം ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കണ്ടന്റുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്.ടെലഗ്രാം അക്കൗണ്ട് ഉണ്ടാക്കിയിട്ട് മൂന്ന് വര്‍ഷത്തോളമായി. ഇസ്റ്റഗ്രാം ഗ്രൂപ്പുകള്‍ വഴിയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. പ്രതി സ്ഥിരമായി പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയക്കുന്ന വ്യക്തിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. നിതിനെതിരെ നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്
പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത കേസ്; പ്രതി നിതിൻ മോഹൻദാസിൻ്റെ ജാമ്യപേക്ഷ കോടതി തള്ളി
