വിദ്വേഷ പ്രസംഗം: നിയമമില്ലാത്തതല്ല, നടപ്പിലാക്കാത്തതാണ് പ്രശ്നം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ പുതിയ നിയമങ്ങൾ നിർമിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങൾ നേരിടാൻ നിലവിലുള്ള നിയമങ്ങൾ മതിയെന്നും, പുതിയ കുറ്റകൃത്യങ്ങൾ സൃഷ്ടിക്കാനോ നിയമനിർമാണം നടത്താനോ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ അഞ്ച് വർഷമായി സമർപ്പിക്കപ്പെട്ട വിവിധ ഹരജികൾ തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. “ഇന്ത്യയിൽ നിയമങ്ങളുടെ കുറവല്ല, മറിച്ച് നിലവിലുള്ളവ നടപ്പിലാക്കുന്നതിലെ വീഴ്ചയാണ് പ്രശ്നം,” കോടതി നിരീക്ഷിച്ചു. കുറ്റകൃത്യങ്ങൾ നിശ്ചയിക്കുന്നതും ശിക്ഷാവിധികൾ പ്രഖ്യാപിക്കുന്നതും നിയമനിർമാണ സഭകളുടെ ജോലിയാണ്. ഭരണഘടനയുടെ അധികാര വിഭജന തത്വം അനുസരിച്ച് കോടതിക്ക് അതിൽ ഇടപെടാനാവില്ല.ഒരു കുറ്റകൃത്യം നടന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക എന്നത് പൊലീസിന്റെ നിർബന്ധിത കടമയാണ്. പൊലീസ് നടപടിയെടുക്കാത്ത പക്ഷം മജിസ്‌ട്രേറ്റിനെയോ എസ്.പിയെയോ സമീപിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, സി.ആർ.പി.സി എന്നിവയിൽ ഇതിനുള്ള പരിഹാരങ്ങൾ നിലവിലുണ്ടെന്നും കോടതി വ്യക്തമാക്കി.

സമൂഹത്തിൽ വളർന്നുവരുന്ന പുതിയ വെല്ലുവിളികൾ കണക്കിലെടുത്ത് വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കൂടുതൽ കർശനമായ നടപടികൾ വേണോ എന്ന് കേന്ദ്ര സർക്കാരിനും പാർലമെന്റിനും തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. 2017ലെ ലോ കമീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഇതിനായി പരിഗണിക്കാവുന്നതാണ്. രാജ്യത്തിന്റെ സാഹോദര്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ ഇത്തരം വിഷയങ്ങളിൽ ജാഗ്രത വേണമെന്നും ബെഞ്ച് ഓർമിപ്പിച്ചു.2020 മുതൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിവിധ ഹരജികളിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കൊറോണ കാലത്തെ പ്രചാരണങ്ങൾ, സുദർശൻ ടി.വിയിലെ യു.പി.എസ്.സി ജിഹാദ് പരിപാടി, വിവിധ ധർമ സൻസദുകളിൽ’ നടന്ന പ്രസംഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഹരജികൾ ഫയൽ ചെയ്യപ്പെട്ടിരുന്നത്.

2023ൽ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പരാതി ലഭിച്ചില്ലെങ്കിലും സ്വമേധയാ കേസെടുക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ബുധനാഴ്ചത്തെ വിധിയോടെ ഈ വിഷയത്തിലുള്ള നീണ്ട നിയമപോരാട്ടങ്ങൾക്ക് കോടതി വിരാമമിട്ടു. ഇനി എന്തെങ്കിലും നിയമമാറ്റം വേണമെങ്കിൽ അത് പാർലമെന്റിൽ നിന്നേ ഉണ്ടാകൂ എന്ന് കോടതി വ്യക്തമാക്കിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *