സാമ്പത്തിക തട്ടിപ്പ്: ജ്യോതികുമാർ ചാമക്കാലയ്ക്ക് നോട്ടീസയച്ച്‌ കോടതി

കുന്നിക്കോട് : സാമ്പത്തിക തട്ടിപ്പ് പരാതിയിൽ കോൺഗ്രസ് നേതാവും പത്തനാപുരം യുഡിഎഫ് സ്ഥാനാർഥിയുമായ ജ്യോതികുമാർ ചാമക്കാലയ്ക്ക് കോടതി നോട്ടീസ്. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയാണ്‌ നോട്ടീസയച്ചത്‌. പരാതിയുടെയും രണ്ട് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ക്രിമിനൽ ചട്ടപ്രകാരമുള്ള നടപടി. കൊട്ടാരക്കര പുലമൺ കോട്ടപ്പുറം കാർത്തികയിൽ ദർശനയാണ്‌ പരാതിക്കാരി.ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ഡീലറായ ജ്യോതികുമാർ, എൽപിജി വിതരണം ദർശനയ്‌ക്ക്‌ കൈമാറ്റം ചെയ്യാമെന്നുപറഞ്ഞ്‌ 2024 ഏപ്രിൽ അഞ്ചിന്‌ 80 ലക്ഷം രൂപയുടെ ധാരണാപത്രം തയ്യാറാക്കി. ഇതുപ്രകാരം 10 ലക്ഷം രൂപയുടെ ചെക്ക്‌ മുൻകൂറായി ദർശന നൽകി. ബാക്കി 70 ലക്ഷം രൂപ രണ്ട്‌ തവണകളായി നൽകാമെന്നും ധാരണയായി. ധാരണാപത്രം കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്‌തു. എന്നാൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ അനുമതിയോടെ മാത്രമേ എൽപിജി വിതരണം കൈമാറ്റം ചെയ്യാൻ കഴിയൂ എന്ന വസ്‌തുത മറച്ചുവച്ചാണ്‌ ജ്യോതികുമാർ ധാരണാപത്രം ഒപ്പിട്ട് അഡ്വാൻസ് തുക കൈപ്പറ്റിയതെന്നാണ്‌ പരാതി.പണം വാങ്ങിയ ശേഷം ഓരോ കാരണങ്ങൾ പറഞ്ഞ് പ്രതി ധാരണാപത്രത്തിലെ വ്യവസ്ഥകളിൽനിന്ന്‌ വ്യതിചലിച്ചതായും പരാതിയിൽ പറയുന്നു. 10 ലക്ഷം കൈപ്പറ്റിയിട്ടും ഏജൻസി മറ്റൊരാൾക്ക് കൈമാറി. ഇതേതുടർന്ന്‌ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്നാണ് വിശ്വാസ വഞ്ചനയ്‌ക്കും കരാർ ലംഘത്തിനുമെതിരെ യുവതി കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *