കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ജിതിന് രണ്ടാമതും ജാമ്യത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ ജാമ്യം നല്കിയാല് പ്രതി തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം.ജിതിന്റെ മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ കൂടുതല്‍ വിവരശേഖരണത്തിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങള്‍ ലഭ്യമാകൂ. വിവാദ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് നിർമിച്ചത് ആരാണെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. മുൻപ് ഡിവൈഎഫ്ഐ നേതാവ് റിബേഷിലേക്ക് അന്വേഷണം നീങ്ങിയിരുന്നെങ്കിലും ഉറവിടം കണ്ടെത്താനാകാതെ അവസാനിപ്പിച്ചിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘം വന്ന ശേഷമാണ് കൃത്യമായ നടപടികളിലേക്കും അറസ്റ്റിലേക്കും കടന്നത്.സ്ക്രീൻഷോട്ട് നിർമാണവുമായി ബന്ധപ്പെട്ട് വടകര കേന്ദ്രീകരിച്ചുള്ള കൂടുതല്‍ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളിലേക്ക് അന്വേഷണം എത്തിയേക്കുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസിന് മേല്‍ സമ്മർദ്ദം ചെലുത്താനും അന്വേഷണത്തിന്റെ ദിശ മാറ്റാനുമാണ് പാർട്ടി നേരിട്ട് പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ജിതിൻ ഭാസ്കറിലൂടെ യഥാർഥ ഉറവിടം കണ്ടെത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അന്വേഷണ സംഘം.2024ലെ വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ ‘കാഫിർ’ എന്ന് വിശേഷിപ്പിച്ച് യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള വ്യാജ സ്ക്രീൻഷോട്ട് വലിയ തോതില്‍ വർഗീയ ധ്രുവീകരണത്തിന് വഴിവെച്ചിരുന്നു. എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ പേരിലാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ കാസിമിന്റെ പരാതിയില്‍ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് നടന്ന അന്വേഷണത്തില്‍, അദ്ദേഹത്തിന് ഇതില്‍ യാതൊരു പങ്കില്ലെന്നും വർഗീയ ലക്ഷ്യത്തോടെ ചമച്ച ഈ വ്യാജരേഖ ചില പ്രമുഖ ഇടത് സൈബർ പേജുകളിലൂടെയാണ് ആദ്യം പൊതുവിടത്തിലേക്ക് എത്തിയതെന്നും പൊലീസ് കണ്ടെത്തി.കേസില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ജിതിൻ ഭാസ്കറിനെ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഈ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഗ്രൂപ്പ് അഡ്മിൻ കൂടിയായ ജിതിൻ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ സ്ക്രീൻഷോട്ട് പങ്കുവെച്ച മുൻ എംഎല്‍എ കെ.കെ. ലതിക അടക്കമുള്ള സിപിഎം നേതാക്കളെയും മറ്റ് ഗ്രൂപ്പുകളിലേക്ക് ഇത് ഫോർവേഡ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും, ഈ വ്യാജരേഖ ആദ്യം ഡിസൈൻ ചെയ്ത യഥാർഥ ‘മാസ്റ്റർമൈൻഡ്’ ആരെന്നതിലേക്ക് അന്വേഷണം ഇതുവരെ എത്തിയിട്ടില്ല.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; ജിതിന് ഭാസ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
