മുൻ ജീവനക്കാരന് ആനുകൂല്യം നൽകണമെന്ന്‌ ഹൈക്കോടതി

വെള്ളറടകുന്നത്തുകാൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ തൊഴിലാളിവിരുദ്ധ നടപടിക്ക് ഹൈക്കോടതിയുടെ തിരിച്ചടി. പിരിച്ചുവിടപ്പെട്ട മുൻ ജീവനക്കാരൻ സുകുമാരൻ നായർക്ക് മുഴുവൻ സർവീസ് ആനുകൂല്യങ്ങളും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. 1998 ജനുവരി 10-നാണ് സുകുമാരൻ നായരെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. ഇതിനെതിരെ അദ്ദേഹം നിയമപോരാട്ടം ആരംഭിച്ചു. പിരിച്ചുവിട്ട നടപടി തെറ്റാണെന്നും അദ്ദേഹം സർവീസിൽ തുടരുന്നതായി കണക്കാക്കി 2024 ഫെബ്രുവരിമുതൽ 6ശതമാനം പലിശ സഹിതം മുഴുവൻ ആനുകൂല്യങ്ങളും നൽകണമെന്നും ഇൻഡസ്ട്രിയൽ ട്രിബ്യൂണലും കൊല്ലം ലേബർ കോടതിയും വിധിച്ചിരുന്നു. ഈ വിധികൾക്കെതിരെ ഭരണസമിതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളി. ലേബർ കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി, തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വ്യക്തമാക്കി. സുകുമാരൻ നായർക്കുവേണ്ടി ലേബർ കോടതിയിൽ വിജയചന്ദ്രബാബു, ജിത്തു എസ് ബാബു എന്നിവരും ഹൈക്കോടതിയിൽ എ കെ പ്രീതിയും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *