ദുബായ്∙ വാഗ്ദാനങ്ങൾ ലംഘിക്കുകയും തെറ്റായ വിവരങ്ങൾ നൽകി ഉപഭോക്താവിനെ കബളിപ്പിക്കുകയും ചെയ്ത ടൂർ ഓപറേറ്റർക്കെതിരെ ദുബായ് സിവിൽ കോടതിയുടെ കർശന നടപടി. പരാതിക്കാരനിൽ നിന്ന് ഈടാക്കിയ 8,268.20 ദിർഹം തിരികെ നൽകാനും മാനസിക വിഷമങ്ങൾക്കും സാമ്പത്തിക നഷ്ടത്തിനും നഷ്ടപരിഹാരമായി 5,000 ദിർഹം അധികം നൽകാനും കോടതി ഉത്തരവിട്ടു. മൊത്തത്തിൽ 13,000 ദിർഹം (ഏകദേശം 3.27 ലക്ഷം രൂപ) ആണ് കമ്പനി നൽകേണ്ടി വരിക. ഇതിന് പുറമെ കരാർ ലംഘനം നടത്തിയ കമ്പനി കോടതി ചെലവുകളും വഹിക്കണം. നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് ഹോട്ടലിലെ പ്രമോഷൻ പരിപാടിക്ക് വിളിച്ചുവരുത്തിയാണ് പരാതിക്കാരനെക്കൊണ്ട് 8,550 ദിർഹത്തിന്റെ പാക്കേജ് എടുപ്പിച്ചത്. 2025 ഓഗസ്റ്റിലായിരുന്നു സംഭവം. മാതാവിനെ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനായുള്ള വിമാന ടിക്കറ്റ് വൗച്ചറുകൾ, ഹോട്ടൽ താമസം, ടൂർ പാക്കേജുകൾ എന്നിവയായിരുന്നു പ്രധാന വാഗ്ദാനങ്ങൾ.പലിശ രഹിതമെന്ന് പറഞ്ഞ് കബളിപ്പിച്ചു, രാജ്യാന്തര നിലവാരത്തിലുള്ള നിയമപരിരക്ഷപലിശ രഹിത തവണകളായി (0% ഇഎംഐ) തുക തിരിച്ചടയ്ക്കാമെന്ന് വിശ്വസിപ്പിച്ചാണ് ക്രെഡിറ്റ് കാർഡ് വഴി പണം ഈടാക്കിയത്. എന്നാൽ പിന്നീട് മാസതവണകളിൽ 0.70 ശതമാനം പലിശ ഈടാക്കി തുടങ്ങിയതോടെ ഉപയോക്താവിന് അധിക ബാധ്യതയുണ്ടായി. പണമടച്ചു കഴിഞ്ഞ് സേവനങ്ങൾക്കായി ബന്ധപ്പെട്ടപ്പോൾ കമ്പനിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല. ലണ്ടനിലെ ഓഫിസിൽ നിന്ന് അനുമതി ലഭിക്കാനുണ്ടെന്ന വിചിത്രമായ വാദമാണ് ദുബായ് ആസ്ഥാനമായുള്ള കമ്പനി ഉന്നയിച്ചത്.തുടർച്ചയായ അന്വേഷണങ്ങൾക്കും ഓഫിസ് സന്ദർശനങ്ങൾക്കും ഫലമുണ്ടാകാത്തതിനെത്തുടർന്ന് പരാതിക്കാരൻ ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പിനെ (ഡിഇടി) സമീപിച്ചു. നിയമലംഘനങ്ങളെത്തുടർന്ന് കമ്പനി പൂട്ടിയതായും അതിനാൽ ഭരണപരമായ തലത്തിൽ പരിഹാരം കാണാൻ കഴിയില്ലെന്നും വകുപ്പ് അറിയിച്ചു.ഉപയോക്തൃ സംരക്ഷണത്തിൽ രാജ്യാന്തര നിലവാരം പുലർത്തുന്ന യുഎഇ നിയമവ്യവസ്ഥയുടെ കരുത്ത് വ്യക്തമാക്കുന്നതാണ് ഈ വിധി. കരാറുകൾ വിശ്വാസപൂർവ്വം നടപ്പിലാക്കണമെന്നും ഒരു കക്ഷി വീഴ്ച വരുത്തിയാൽ മറ്റേയാൾക്ക് കരാർ റദ്ദാക്കാനും നഷ്ടപരിഹാരം തേടാനും അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.സമാനമായ വിനോദസഞ്ചാര തട്ടിപ്പുകൾ തടയുന്നതിനായി ദുബായ് പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം കർശനമായ നിരീക്ഷണം നടത്തിവരുന്നുണ്ട്. വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടതിനൊപ്പം പരാതിക്കാരനുണ്ടായ മാനസിക പ്രയാസങ്ങളും സമയം നഷ്ടപ്പെട്ടതും കണക്കിലെടുത്താണ് കോടതി 5,000 ദിർഹം നഷ്ടപരിഹാരം നിശ്ചയിച്ചത്. കേസിന്റെ അവസാന വിചാരണയ്ക്ക് കമ്പനി പ്രതിനിധികൾ ഹാജരാകാതിരുന്നതിനെത്തുടർന്ന് ഏകപക്ഷീയമായാണ് വിധി പ്രസ്താവിച്ചത്.
നറുക്കെടുപ്പിൽ സമ്മാനം; അമ്മയെ യുഎഇയിലേക്ക് കൊണ്ടുവരാം, കമ്പനിയുടെ പാക്കേജ് തട്ടിപ്പിന് പൂട്ടിട്ട് കോടതി
