ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ഒരു സുപ്രീം കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ഉന്നത ന്യായപീഠത്തിലേക്ക് രാജ്യത്തെ എല്ലാ പൗരന്മാർക്കും എളുപ്പത്തിൽ പ്രവേശനം ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിൽ സുപ്രീംകോടതി ബഞ്ച് വന്നാൽ പൗരന്മാർക്ക് അത് വലിയ സൗകര്യമായിത്തീരും. ജുഡീഷ്യൽ ഓഫീസർമാരുടെ 22-ാമത് സംസ്ഥാനതല ദ്വിവത്സര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്രിമബുദ്ധിയുടെ യുഗത്തിൽ ജുഡീഷ്യറിയെ പുനർനിർമ്മിക്കുക’ എന്ന പ്രമേയത്തിലാണ് ഇത്തവണ സമ്മേളനം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സുപ്രീം കോടതി ജഡ്ജിമാരായ ബിവി നാഗരത്ന, അരവിന്ദ് കുമാർ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രു തുടങ്ങിയവർ സന്നിഹിതരായ വേദിയിലാണ് സിദ്ധരാമയ്യ ഈ ആവശ്യം ഉന്നയിച്ചത്.ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നാം ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേസുകൾ തീർപ്പാക്കാതെ കിടക്കുന്നത് നീതിയുടെ സമയബന്ധിതമായ വിതരണത്തെ ബാധിക്കുന്നു. ഇത് ഒരു ഗുരുതരമായ ആശങ്കയായി തുടരുകയാണ്. സാങ്കേതികവിദ്യയ്ക്ക് പല സൗകര്യങ്ങളും തരാൻ കഴിയും. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താതെ അതൊന്നും ഫലവത്താകില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജുഡീഷ്യൽ ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. കോടതി പ്രക്രിയകൾ നവീകരിക്കപ്പെടണം. ഇതിനാവശ്യമായ വ്യവസ്ഥാപരമായ പരിഷ്കാരങ്ങൾ നടത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചു. ദക്ഷിണേന്ത്യയിൽ ഒരു സുപ്രീം കോടതി ബെഞ്ച് സ്ഥാപിച്ചാൽ അത് നീതി ഉറപ്പാക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ശക്തമായ ജുഡീഷ്യൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.ദക്ഷിണേന്ത്യയിൽ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളിലെവിടെയെങ്കിലും സുപ്രീം കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. വിവിധ ദക്ഷിണേന്ത്യന സംസ്ഥാനങ്ങളിലെ ബാർ കൗൺസിലുകളും അഭിഭാഷക സംഘടനകളും ചില രാഷ്ട്രീയ നേതാക്കളും ഈ ആവശ്യം ഉന്നയിക്കാറുണ്ട്. ദക്ഷിണേന്ത്യയിൽ ഒരു സ്ഥിരം സുപ്രീം കോടതി ബെഞ്ച് സൃഷ്ടിക്കുക എന്നതാണ് ആവശ്യം. ചിലർ രാജ്യത്തിന്റെ നാല് ദിക്കിലും പ്രാദേശിക ബെഞ്ചുകൾ സൃഷ്ടിക്കണമെന്ന ആവശ്യക്കാരാണ്. ഭരണഘടനാ കാര്യങ്ങൾ ഡൽഹി ബെഞ്ച് കൈകാര്യം ചെയ്യുക, ഹൈക്കോടതികളിൽ നിന്നുള്ള അപ്പീലുകൾ പ്രാദേശിക ബെഞ്ചുകൾ കൈകാര്യം ചെയ്യുക എന്നതാണ് ആവശ്യം. ഡൽഹിയിലേക്കുള്ള ദൂരവും ഉയർന്ന യാത്രാ ചെലവും താമസച്ചെലവുമെല്ലാം കാരണം തങ്ങളുടെ പ്രശ്നങ്ങളുമായി സുപ്രീംകോടതിയിലേക്ക് പോകാൻ സാധാരണക്കാർക്ക് കഴിയാറില്ല. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആവലാതിക്കാർക്ക് സുപ്രീം കോടതിയെ സമീപിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ഡൽഹിയിലെ സുപ്രീം കോടതി അഭിഭാഷകരുടെ ഉയർന്ന ഫീസ്, താമസം, തുടങ്ങിയവ സുപ്രീം കോടതിയെ പ്രധാനമായും സമ്പന്നർക്കും കോർപ്പറേറ്റുകൾക്കും സമീപിക്കാവുന്ന ഒരു കേന്ദ്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും വാദിക്കപ്പെടുന്നുണ്ട്.
‘ദക്ഷിണേന്ത്യയിൽ സുപ്രീംകോടതി ബഞ്ച് വേണം; നീതി എല്ലാവർക്കും പ്രാപ്യമാകണം’: സിദ്ധരാമയ്യ
