സംസ്ഥാനത്തിനുള്ളിൽ പശുക്കളെ വാഹനത്തിലോ മറ്റുമായി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. കന്നുകാലി കടത്ത് ആരോപിച്ച് പിടിച്ചെടുത്ത ട്രക്ക് വിട്ടയക്കാൻ ഉത്തരവിട്ടുകൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. വാഹനത്തിനുള്ളിൽ നിന്ന് ബീഫ് കണ്ടെത്തിയിട്ടില്ലെന്നും പശുക്കളെയോ പശുക്കിടാവിനേയോ അറക്കുന്നതിനായി കടത്തിയതാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമല്ലെന്നും ജസ്റ്റിസ് വിവേക് കുമാർ സിംഗ് നിരീക്ഷിച്ചു. “സംസ്ഥാനത്തിനകത്ത് പശുക്കളെയോ പശുക്കിടാവിനേയോ കടത്തുന്നു എന്നത് ഒരു കുറ്റമായി കാണാനാവില്ല,” ഏപ്രിൽ 15ലെ ഉത്തരവിൽ കോടതി വ്യക്തമാക്കി. ഉത്തർപ്രദേശ് ഗോവധ നിരോധന നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരം 2024 മാർച്ചിലാണ് ഹർജിക്കാരനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഹർജിക്കാരന്റെ ഡ്രൈവർ ട്രക്കിൽ പശുക്കളെ കടത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. ഹർജിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനം തുടർന്ന് കണ്ടുകെട്ടി. ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.വാഹനത്തിൽ നിന്ന് ബീഫ് കണ്ടെടുത്തിട്ടില്ലെന്നും ഗോവധം നടന്നതായി ആരോപണമില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ട്രക്ക് ദീർഘകാലം പിടിച്ചുവെച്ചത് തന്റെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കിയെന്നും പോലീസ് സ്റ്റേഷനിൽ വാഹനം വെറുതെ കിടക്കുന്നത് അതിന്റെ മൂല്യം കുറയ്ക്കാനും നശിച്ചുപോകാനും കാരണമാകുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.ഹർജിയെ എതിർത്തുകൊണ്ട് അഡീഷണൽ ഗവൺമെന്റ് അഡ്വക്കേറ്റ് ഈ അപേക്ഷയുടെ ആധികാരികതയെ ചോദ്യം ചെയ്തു. കൂടാതെ 2020ലെ യുപി ഗോവധ നിരോധന (ഭേദഗതി) നിയമത്തിലെ സെക്ഷൻ 5എ, ഉപവിഭാഗം (7) പ്രകാരം വാഹനം കണ്ടുകെട്ടാനുള്ള ഉത്തരവിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അഡീഷണൽ ഗവൺമെന്റ് അഡ്വക്കേറ്റ് കോടതിയിൽ വാദിച്ചു.ഹൈക്കോടതി ഹർജിക്കാരന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ ദീർഘകാലം പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നും അവ നശിച്ചുപോകാൻ മാത്രമേ കാരണമാകൂ എന്നും കോടതി ആവർത്തിച്ചു. വാഹനങ്ങൾ തിരികെ നൽകുന്നതിനായി ആവശ്യമായ ബോണ്ടും സുരക്ഷാ ജാമ്യവും വാങ്ങി മജിസ്‌ട്രേറ്റ് ഉചിതമായ ഉത്തരവുകൾ ഉടൻ പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ബീഫ് കണ്ടെത്തിയില്ല, ഗോവധത്തിന് തെളിവില്ല; നിർണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി
