ഭൂട്ടാൻ വാഹനക്കടത്ത്: അസമിലെ ട്രാൻസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് ജാമ്യമില്ല; കീഴടങ്ങാൻ കോടതി കര്‍ശന നിര്‍ദേശം

ഭൂട്ടാൻ വാഹനക്കടത്ത് കേസിലെ പ്രതിയായ അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി തള്ളി.മാർച്ച്‌ 13-നകം കോടതിയില്‍ കീഴടങ്ങാൻ നേരത്തെ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് പാലിക്കാതെയും കീഴടങ്ങാതെയും നല്‍കുന്ന ജാമ്യാപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.കൊച്ചി കസ്റ്റംസ് യൂണിറ്റ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ എന്ന നീക്കത്തിലൂടെയാണ് അന്തർദേശീയ തലത്തില്‍ നടന്ന ഈ വൻ വാഹനക്കടത്ത് റാക്കറ്റിനെക്കുറിച്ച്‌ വിവരങ്ങള്‍ പുറത്തുവന്നത്. വ്യാജ രേഖകള്‍ ചമച്ച്‌ ഭൂട്ടാനില്‍ നിന്ന് മുപ്പത്തിയാറോളം ആഡംബര വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ദീപക് പഠോവരിക്കെതിരെയുള്ള കണ്ടെത്തല്‍. അസമില്‍ വെച്ച്‌ ഇയാളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ഭൂട്ടാനില്‍ നിന്നുള്ള വിദേശ നിർമ്മിത സെക്കൻഡ് ഹാൻഡ് കാറുകള്‍ അനധികൃതമായി ഇന്ത്യയിലെത്തിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ വ്യാജ രജിസ്‌ട്രേഷൻ നടത്തി വില്‍ക്കുന്നതാണ് ഈ സംഘത്തിന്റെ രീതി. കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ബിശ്വദീപ് ദാസ് ഉള്‍പ്പെടെ അഞ്ച് പേരെ നേരത്തെ തന്നെ കസ്റ്റംസ് പിടികൂടിയിരുന്നു. ഷില്ലോങ് കസ്റ്റംസിന്റെയും സശസ്ത്ര സീമാ ബെല്ലിന്റെയും സഹായത്തോടെയാണ് ദീപക് പഠോവരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ കൊച്ചി കസ്റ്റംസ് പിടികൂടിയത്. വാഹനക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *