ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തോട് രാജിവെക്കാൻ നിർദ്ദേശിച്ചിരുന്നു.സ്വമേധയാ രാജി സമർപ്പിക്കാൻ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനായിരുന്നു കൊളീജിയത്തിൻ്റെ തീരുമാനം. ഇതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്.പാർലമെൻറില്‍ ഇംപീച്ച്‌മെൻറ് നടപടികള്‍ നടക്കുന്നതിനിടെയാണ് രാജി. 2025 മാർച്ച് മാസത്തില്‍ ഹോളി ദിനത്തില്‍ യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം.ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോഗിച്ച മൂന്നംഗ ആഭ്യന്തര സമിതിയുടെ കണ്ടെത്തല്‍. 2025 മാർച്ചില്‍ രൂപീകരിച്ച ഈ സമിതി മെയ് മാസത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. വീട്ടിലെ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ നോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ നല്‍കിയ റിപ്പോർട്ടും, പണം കണ്ടെത്തിയ മുറിയിലെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും ചീഫ് ജസ്റ്റിസ് പരസ്യപ്പെടുത്തിയിരുന്നു.അഴിമതി ആരോപണം ശക്തമായതിനെത്തുടർന്ന് 2025 ജൂലൈയില്‍ ജസ്റ്റിസ് വർമ്മയെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ലോക്‌സഭാ അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം അവതരിപ്പിച്ചു. ഭരണഘടനയനുസരിച്ച് ഒരു ജഡ്ജിയെ പുറത്താക്കുന്നതിനുള്ള ‘ഇംപീച്ച്‌മെന്റ്’ നടപടികളുടെ പുരോഗമിക്കവേയാണ് രാജി. ജഡ്ജസ് എൻക്വയറി ആക്‌ട് പ്രകാരം ആരോപണങ്ങള്‍ അന്വേഷിക്കാൻ മൂന്നംഗ അന്വേഷണ സമിതി രൂപീകരിക്കാൻ സ്പീക്കർ ഉത്തരവിടുകയും ചെയ്തിരുന്നു.ലോക്‌സഭാ സ്പീക്കറുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ജസ്റ്റിസ് വർമ്മ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയാണ് ലഭിച്ചത്. സ്പീക്കറുടെ നടപടിയില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് അദ്ദേഹത്തിൻ്റെ ഹർജി തള്ളി. ഇതോടെ പാർലമെൻ്ററി അന്വേഷണം നേരിടേണ്ടി വരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി.
പാര്‍ലമെൻറില്‍ ഇംപീച്ച്‌മെൻറ് നടപടികള്‍ നടക്കുന്നതിനിടെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു
