ലിംഗസ്വത്വം നിര്‍ണയിക്കല്‍ മൗലികാവകാശം; ട്രാൻസ്‌ജെൻഡർ ബില്ലിനെതിരെ രാജസ്ഥാൻ ഹൈക്കോടതി

ന്യൂഡൽഹി: പാര്‍ലമെന്റ് കഴിഞ്ഞയാഴ്‌ച പാസാക്കിയ ട്രാൻസ്‌ജെൻഡർ അവകാശസംരക്ഷണ നിയമ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമർശവുമായി രാജസ്ഥാൻ ഹൈക്കോടതി. വ്യക്തികള്‍ക്ക് ലിംഗഭേദം നിര്‍ണയിക്കാനുള്ള മൗലികാവകാശത്തെ, നിര്‍ദിഷ്‌ട ബില്‍ ദുര്‍ബലപ്പെടുത്തുമെന്ന് കോടതി നിരീക്ഷിച്ചു. ലിംഗപരമായ സ്വത്വം സ്വയം തീരുമാനിക്കുക എന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് അവകാശമാണെന്നും ജസ്റ്റിസുമാരായ അരുൺ മോംഗ, യോഗേന്ദ്രകുമാർ പുരോഹിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ലിംഗവ്യക്തിത്വം എന്നത് വ്യക്തിപരവും മൗലികവുമായ അവകാശമാണെന്നും അത് ഭരണകൂടത്തിന്റെ അംഗീകാരത്തെ ആശ്രയിച്ചിരിക്കുന്ന ഒന്നല്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.വിദ്യാഭ്യാസസ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സംവരണമാവശ്യപ്പെട്ട്‌ ട്രാന്‍ജെന്‍ഡര്‍ വനിത ഗംഗാകുമാരി നൽകിയ ഹർജിയിലാണ്, നിലവിൽ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനയച്ച ബില്ലിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്. നിയമനിർമാണ ഘട്ടത്തിലുള്ള ബില്ലിനെ കോടതി വിമർശിക്കുന്നത്‌ അസാധാരണ സംഭവമാണ്‌. സംവരണകാര്യത്തില്‍ സംസ്ഥാന സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും അതുവരെ എല്ലാ നിയമനങ്ങളിലും ട്രാൻസ്‌ജെൻഡറുകൾക്ക്‌ മൂന്ന് ശതമാനം വെയ്‌റ്റേജ്‌ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.ട്രാൻജെൻഡർ ബില്ലിലെ വ്യവസ്ഥ എണ്ണിപ്പറഞ്ഞുള്ള വിമർശം ബില്ലിന്റെ നിയമപരമായ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണ്‌. ലിംഗഭേദം സ്വയം നിർണയിക്കുന്നതിനുള്ള അവകാശം അന്തസ്സ്, സ്വയംനിർണയാവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ ഭാഗമാണെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ലിംഗസ്വത്വം എന്നത് വ്യക്തിപരവും മൗലികവുമായ അവകാശമാണ്. അത് ഭരണകൂടത്തിന്റെ അംഗീകാരത്തെ ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. 2019ലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമവും ബില്‍ ഇ‍ൗ തത്വത്തിൽനിന്ന്‌ വ്യതിചലിച്ചിരുന്നെന്നും വിധിയിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *