ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ, വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ കേന്ദ്രസർക്കാരിന് പരിശോധിക്കാമെന്നും സമഗ്രമായ പരിശോധന നടത്തുന്നതിന് കേന്ദ്ര സർക്കാരിന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊലയ്ക്ക് പകരം വേദനകുറഞ്ഞ മറ്റൊരുമാർഗം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഇന്നത്തെ വിധി ഈ വിഷയത്തിലെ അവസാന വാക്കല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് നിർണായകമായ ശാസ്ത്രീയമോ വൈദ്യശാസ്ത്രപരമോ അനുഭവാധിഷ്ഠിതമോ ആയ വസ്തുതകൾ ഭാവിയിൽ പുറത്തുവരികയാണെങ്കിൽ വിഷയം വീണ്ടും ഭരണഘടനാപരമായി പരിശോധിക്കാമെന്നും കോടതി പറഞ്ഞു.നിലവിലുള്ള വധശിക്ഷ നടപ്പാക്കൽ രീതിയെക്കുറിച്ച് കേന്ദ്രസർക്കാരിന് കൂടുതൽ ശാസ്ത്രീയമായ പരിശോധന നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമം, ഫോറൻസിക് മെഡിസിൻ, ന്യൂറോസയൻസ്, ക്രിമിനോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകി നിലവിലെ രീതിയെ സമഗ്രമായി പുനഃപരിശോധിക്കാം. അനാവശ്യമായ വേദന കുറയ്ക്കുന്നതിനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും കൂടുതൽ അനുയോജ്യമായ മറ്റൊരു മാർഗമുണ്ടോയെന്ന് സമിതിക്ക് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’; ഹർജി തള്ളി; സുപ്രീംകോടതി
