മൂന്ന് മാസത്തിനുള്ളില്‍ നാര്‍ക്കോട്ടിക് കോടതികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മുന്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് എന്‍ഡിപിഎസ് കോടതികള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതികളില്‍ കരാര്‍ ജീവനക്കാരെ നിയമിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കോടതി തള്ളി. രഹസ്യ വിവരങ്ങളും സാക്ഷി സംരക്ഷണവും ഉള്‍പ്പെടെയുള്ള വളരെ സെന്‍സിറ്റീവ് കാര്യങ്ങള്‍ കോടതികള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ സ്ഥിരം ജീവനക്കാര്‍ ആവശ്യമാണെന്ന് കോടതി പറഞ്ഞു. ഭാവിയിലെ ഒഴിവുകള്‍ക്കും ഈ രീതി പിന്തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റാങ്ക് ലിസ്റ്റ് ലഭ്യമല്ലെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനങ്ങള്‍ നടത്താം. എന്നാല്‍ സ്ഥിരം നിയമനത്തിനുള്ള നടപടികളും സ്വീകരിക്കണം. പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രകാരം കേന്ദ്ര ധനകാര്യ വകുപ്പില്‍ നിന്ന് സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മയക്കുമരുന്ന് കേസുകളുടെ കെട്ടിക്കിടക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ജൂണ്‍ 24 ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *