ആചാരങ്ങളില്‍ അവസാനത്തീർപ്പ് കോടതികള്‍ അല്ലെന്ന വാദവുമായി ശബരിമല യുവതി പ്രവേശനത്തില്‍ പന്തളം കൊട്ടാരം.ദീർഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയില്‍ സമർപ്പിച്ച വാദങ്ങള്‍ വ്യക്തമാക്കുന്നു. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് എൻഎസ്‌എസും സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു. അതേസമയം സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം എന്നിവയ്ക്ക് മുകളില്‍ അല്ല മതസ്വാതന്ത്ര്യമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിക്കുന്നു. യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണോ എന്നതില്‍ വ്യക്തമായ നിലപാട് പറയാതെയായിരുന്നു സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം.തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഭൂരിപക്ഷസമുദായ വോട്ടുകള്‍ ഉന്നമിട്ട് മുൻ നിലപാടില്‍ വെള്ളം ചേർത്ത് തന്ത്രപരമായ നിലപാടാണ് സർക്കാർ മുന്നോട്ട വച്ചത്. അതേസമയം കേസിലെ പ്രധാനകക്ഷികളായ പന്തളം കൊട്ടാരവും എൻഎസ്‌എസും ആചാരസംരക്ഷണം അനിവാര്യമാണെന്ന് കോടതിയെ നിലപാട് അറിയിച്ചു. വർഷങ്ങളായി തുടരുന്ന ആചാരം സംരക്ഷിക്കണം, യുവതി പ്രവേശം അനുവദിക്കരുത്, മതസ്വാതത്രന്ത്യത്തില്‍ ദേവന് അവകാശമുണ്ട്, ഇത് ഹനിക്കരുത്, ആചാരവിഷയങ്ങളില്‍ ഇടപെടുന്നതിന് കോടതികള്‍ക്ക് പരിധിയുണ്ട്, പൊതുധാർമ്മികതയാണ് ഭരണഘടന ധാർമ്മികതയേക്കാള്‍ മുഖ്യം തുടങ്ങിയ കാര്യങ്ങളാണ് പന്തളം കൊട്ടാരത്തിനായി അഭിഭാഷകൻ സുവിദത്ത് സുന്ദരം സമർപ്പിച്ച വാദത്തില്‍ പറയുന്നത്.വ്യക്തിസ്വാതന്ത്യത്തിന്‍റെ പേരില്‍ മതാചാരങ്ങളില്‍ ഇടപെടരുതെന്നാണ് എൻഎസ്‌എസും വ്യക്തമാക്കുന്നത്. അതേസമയം, സ്ത്രീ സ്വാതന്ത്ര്യം ,ലിംഗസമത്വം എന്നിവയ്ക്ക് മുകളില്‍ അല്ല മതസ്വാതന്ത്ര്യമെന്നും സ്ത്രീ പ്രവേശനം അനുവദിക്കണമെന്നും വാദിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങ് വാദങ്ങള്‍ സമർപ്പിച്ചു. പൊതു താല്‍പര്യ ഹർജിയിലൂടെ കോടതികള്‍ക്ക് മതാചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാൻ ആകുമെന്നും അഭിഭാഷകൻ പ്രശാന്ത് പത്മനാഭൻ ഇന്ദിര ജയ്സിങ്ങിനായി സമർപ്പിച്ച വാദത്തില്‍ വ്യക്തമാക്കുന്നുണ്ട്, നേരത്തെ ശബരിമലക്കേസില്‍ ബിന്ദു അമ്മിണിക്കും, കനകദുർഗക്കുമായി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകയാണ് ഇന്ദിരാ ജയ് സിങ്.
‘ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ല’; ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ച് പന്തളം കൊട്ടാരം
