കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇറാന്റെ യുദ്ധക്കപ്പലായ ‘ഐആർഐഎസ്’ ലവാൻ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ചതിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ സി.ജി, ക്യാമറാമാൻ മണി എസ്.എന്നിവർക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മാർച്ച് എട്ടിനായിരുന്നു ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്താണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും മാധ്യമപ്രവർത്തകരുടെ പക്കല്‍ നിന്നുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തുവെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികള്‍ കോസ്റ്റ് ഗാർഡ് അംഗങ്ങളായതിനാല്‍ അവരെ സ്വാധീനിക്കാൻ പ്രതികള്‍ക്ക് കഴിയില്ലെന്നും കോടതി വിലയിരുത്തി.പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ നയതന്ത്ര ചർച്ചകളുടെ ഭാഗമായാണ് ഇറാനിയൻ കപ്പല്‍ കൊച്ചിയില്‍ എത്തിയത്. അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചും ബോട്ട് വാടകയ്ക്കെടുത്തുമാണ് ഇവർ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ചത്. സിഐഎസ്‌എഫ് ആണ് ഇവരെ പിടികൂടി പോലീസിന് കൈമാറിയത്.ഒഫീഷ്യല്‍ സീക്രട്ട്സ് ആക്‌ട് പ്രകാരമുള്ള ചാരവൃത്തി, ക്രിമിനല്‍ അതിക്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. അടുത്ത രണ്ട് മാസത്തേക്ക് എറണാകുളം ജില്ല വിട്ടുപോകരുതെന്നും എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.
ഇറാന്റെ യുദ്ധക്കപ്പല്‍ ചിത്രീകരിച്ചു; കൊച്ചിയില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം
