പ്രാഥമിക സഹകരണ ബാങ്കിലെ ഏകീകൃത സോഫ്‌റ്റ്‌വെയർ ; പദ്ധതി മികച്ചതെന്ന്‌ ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്ത് പ്രാഥമിക സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്‌റ്റ്‌വെയർ നടപ്പാക്കാൻ സർക്കാർ ആവിഷ്‌കരിച്ച പദ്ധതി മികച്ചതെന്ന് ഹൈക്കോടതി. പദ്ധതി നടപ്പാക്കാനുള്ള ടെൻഡർ നടപടികൾക്ക് ഹൈക്കോടതി അനുമതി നൽകി. ഇതിന്റെ ടെൻഡർനടപടികളുമായി സഹകരണ രജിസ്ട്രാർക്ക് മുന്നോട്ടുപോകാമെന്ന് ജസ്‌റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി. ടെൻഡർ നടപടി അപാകമെന്ന് ആരോപിച്ച് കല്ലേറ്റുംകര സഹകരണ ബാങ്ക് സമർപ്പിച്ച ഹർജിയില സ്റ്റേ ആവശ്യം കോടതി നിരസിച്ചു. സഹകരണ വകുപ്പ് രജിസ്ട്രാർ മുദ്രവച്ച കവറിൽ ഹാജരാക്കിയ രേഖ പരിശോധിച്ചശേഷമായിരുന്നു കോടതി നടപടി. സോഫ്‌റ്റ്‌വെയറിനായുള്ള കരാർ ഒപ്പിടുംമുന്പ്‌ വിശദാംശം കോടതിയെ അറിയിക്കണം. രേഖ പരിശോധിച്ചതിൽനിന്ന്‌ മികച്ച പദ്ധതിയാണിതെന്നും കോടതി പറഞ്ഞു.കുറഞ്ഞ ചെലവിൽ സോഫ്‌റ്റ്‌വെയർ നൽകാമെന്ന് വ്യക്തമാക്കിയിട്ടും സംസ്ഥാന സർക്കാർ സ്വീകരിച്ചില്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, കേന്ദ്രസർക്കാർ നബാർഡ് വഴി നടത്താമെന്ന് പ്രഖ്യാപിച്ച പദ്ധതി കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് യോജിക്കാത്തതിനാലാണ് സർക്കാർ സ്വന്തം പദ്ധതിയുമായി മുന്നോട്ടുപോയതെന്ന് സ്പെഷ്യൽ ഗവ. പ്ലീഡർ പി പി താജുദീൻ വിശദീകരിച്ചു. ഉയർന്ന നിലവാരമുള്ള ആശുപത്രികളടക്കം സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലുണ്ടെന്നും കേന്ദ്രപദ്ധതിയിൽ ചേർന്ന മറ്റ് സംസ്ഥാനങ്ങൾ കുഴപ്പത്തിലായെന്നും ഗവ. പ്ലീഡർ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *