ഉന്നാവ് അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസ്; കുല്‍ദീപ് സിംഗ് സെൻഗാറിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഉന്നാവ് ബലാല്‍സംഗക്കേസിലെ അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസില്‍ ജാമ്യം തേടി പ്രതി കുല്‍ദീപ് സിംഗ് സെൻഗാർ നല്‍കിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് അപ്പീല്‍. കേസില്‍ 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് സെന്‍ഗാർ. ജനുവരി 19ന് കേസില്‍ വാദം കേട്ട ദില്ലി ഹൈക്കോടതി സെൻഗാറിന്‍റെ 10 വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ചിരുന്നു.2020 മാർച്ച്‌ 13-നാണ് കേസില്‍ ട്രയല്‍ കോടതി സെൻഗാറിന് 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെതിരായ ഗൂഢാലോചനയും കസ്റ്റഡിയിലെ മരണവുമാണ് സെൻഗാറിനെതിരായി ഈ കേസിലെ ആരോപണം. ഇതുകൂടാതെ, ബലാത്സംഗ കേസില്‍ സെൻഗാറിന് ജീവപര്യന്തം ശിക്ഷയുമുണ്ട്. ഡല്‍ഹി ഹൈക്കോടതി 2025 ഡിസംബർ 23-ന് ആ ശിക്ഷ മരവിപ്പിച്ച്‌ ചെയ്ത് ജാമ്യം അനുവദിച്ചെങ്കിലും, 2025 ഡിസംബർ 29-ന് സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *