ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് പ്രമുഖ ടെക് ഭീമനായ ഗൂഗിളിന് 403 മില്യണ്‍ യൂറോ (ഏകദേശം 4,300 കോടി രൂപ) പിഴ ചുമത്തി അയർലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ.വെബ് & ആപ്പ് ആക്ടിവിറ്റി, ലൊക്കേഷൻ ഹിസ്റ്ററി, ലൊക്കേഷൻ കൃത്യത തുടങ്ങിയ സേവനങ്ങളിലൂടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍ യൂറോപ്യൻ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ നിഷ്കർഷിക്കുന്ന നിയമപരവും സുതാര്യവുമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആറ് വർഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഈ കടുത്ത നടപടി.യൂറോപ്യൻ കണ്‍സ്യൂമർ ഓർഗനൈസേഷൻ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ സംരക്ഷണ സമിതികളുടെ പരാതികളെ തുടർന്നാണ് ഡിപിസി അന്വേഷണം ആരംഭിച്ചത്. 2018 മെയ് 25 നും 2020 ഫെബ്രുവരി 4 നും ഇടയില്‍ ഗൂഗിള്‍ നടത്തിയ ഡാറ്റാ ശേഖരണമാണ് പ്രധാനമായും പരിശോധിച്ചത്. ലൊക്കേഷൻ വിവരങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വ്യക്തമാക്കാതിരിക്കല്‍, ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ കാലം ഡാറ്റ സൂക്ഷിച്ചുവെക്കല്‍ തുടങ്ങിയവയിലൂടെ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതായി ഡിപിസി ഡെപ്യൂട്ടി കമ്മീഷണർ ഗ്രഹാം ഡോയല്‍ വ്യക്തമാക്കി. ജിഡിപിആർ പ്രാബല്യത്തില്‍ വന്നതിനു ശേഷം ഐറിഷ് റെഗുലേറ്റർ ചുമത്തുന്ന നാലാമത്തെ വലിയ പിഴയാണിത്.അതേസമയം, കേസുമായി ബന്ധപ്പെട്ടത് കമ്പനിയുടെ പഴയ നയങ്ങളാണെന്നും 2019 മുതല്‍ ഇതില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ലൊക്കേഷൻ ഡാറ്റ 3, 18, അല്ലെങ്കില്‍ 36 മാസങ്ങള്‍ക്ക് ശേഷം സ്വയമേവ ഇല്ലാതാക്കാൻ സാധിക്കുന്ന ‘ഓട്ടോ-ഡിലീറ്റ് കണ്‍ട്രോളുകള്‍’, ടൈംലൈൻ ഡാറ്റ സ്വന്തം ഉപകരണങ്ങളില്‍ മാത്രം സൂക്ഷിക്കാനുള്ള സൗകര്യം, കൃത്യമായ പരസ്യ നിയന്ത്രണങ്ങള്‍ എന്നിവ ഇപ്പോള്‍ ലഭ്യമാണെന്ന് കമ്പനി അവകാശപ്പെട്ടു. എന്നിരുന്നാലും ഡിപിസി പ്രഖ്യാപിച്ച തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കാൻ കമ്പനിക്ക് അവകാശമുണ്ട്.പിഴ ചുമത്തിയതിന് പുറമെ, ആറ് മാസത്തിനകം ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്യുന്ന രീതികള്‍ ജിഡിപിആർ നിയമങ്ങള്‍ക്ക് അനുസൃതമായി മാറ്റണമെന്ന് ഡിപിസി ഗൂഗിളിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഗൂഗിളിന്റെ യൂറോപ്യൻ ആസ്ഥാനം അയർലണ്ടിലായതിനാല്‍ ഡിപിസിയാണ് യൂറോപ്പിലെ പ്രധാന നിയന്ത്രണ ഏജൻസിയായി പ്രവർത്തിക്കുന്നത്. നിലവില്‍ ഗൂഗിളിനെതിരെ മറ്റ് മൂന്ന് അന്വേഷണങ്ങള്‍ കൂടി ഡിപിസിയുടെ പരിഗണനയിലുള്ളതിനാല്‍ വരും ദിവസങ്ങളിലും കമ്പനിക്കുമേല്‍ ശക്തമായ നിരീക്ഷണവും നിയമനടപടികളും തുടരുമെന്ന് ഉറപ്പാണ്.
ഗൂഗിളിന് വൻ തിരിച്ചടി; ലൊക്കേഷൻ ചോര്‍ത്തലില്‍ 4,300 കോടി രൂപ പിഴ ചുമത്തി
