ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ ജാമ്യഹർജി വാദം കേൾക്കുന്നത് മാറ്റി, മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവര് സമർപ്പിച്ച ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി വാദം കേൾക്കുന്നതിനായി മാറ്റി. വിശദമായ വാദം ഫെബ്രുവരി 9ന് കേൾക്കും. അന്വേഷണ സംഘം റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. രണ്ട് കേസുകളിലും ഒരുമിച്ചാണ് വാദം കേൾക്കുക.കട്ടിള പാളി കേസിൽ ആദ്യം ജാമ്യഹർജി നൽകിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ദ്വാരപാലക കേസിലും തന്ത്രി ജാമ്യഹരജി ഫയൽ ചെയ്തത്. ആൻജിയോഗ്രാമിന് വിധേയനാക്കിയ തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ തന്ത്രിക്ക് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ നാളെ വിധി ഉണ്ടായേക്കും.അതേസമയം, ശബരിമല സ്വർണക്കൊളളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ ചോദ്യം ചെയ്യൽ കൂടിയാണിത്. രണ്ട് കേസുകളിലും ജാമ്യ ലഭിച്ച് ജയിൽ മോചിതനായ മുരാരി ബാബുവിനെ ചോദ്യം ചെയ്യലിന് ഇഡി വിളിപ്പിക്കുകയായിരുന്നു.കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ മുരാരിയിൽ നിന്ന് കേസിന്റെ വിശദ വിവരങ്ങൾ ചോദിച്ചറിയും. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ആദ്യമായാണ് ഒരാളെ ചോദ്യം ചെയ്യുന്നത്. മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന സമയത്താണ് സ്വർണം കൈമാറാൻ തീരുമാനം എടുത്തത്. കൂടുതൽ പ്രതികളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *