ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ്’;സാധുത വിധിക്ക് വിധേയമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. നിലവിൽ നടക്കുന്ന നിയമനങ്ങൾ ഹർജികളിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിരുവതാംകൂർ ദേവസ്വംബോർഡ്, സംസ്ഥാന സർക്കാർ എന്നിവരുൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്.ദേവസ്വം ബോർഡും കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിക്കാം എന്നായിരുന്നു കേരള ഹൈക്കോടതി വിധി. എന്നാൽ താന്ത്രിക് വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും, അംഗീകാരം നൽകാനും ഉള്ള വൈദഗ്ദ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇല്ലെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. ദേവസ്വം റിക്രൂട്ടമെന്റ് ബോര്ഡിന് നിയമനം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ അധികാരം ഇല്ലെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അഗീകരിച്ച ഹൈക്കോടതി തന്ത്രിമാരുടെ സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ അനുമതി നൽകിയിട്ടില്ലെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.അഖില കേരള തന്ത്രി സമാജം, അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപാട് എന്നിവർ നൽകിയ ഹർജി ജസ്റ്റിസ് മാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകരായ സി എസ് വൈദ്യനാഥൻ, കെ പരമേശ്വർ, അഭിഭാഷകരായ ശ്യാം മോഹൻ, ഋഷികേശ് ഹരിദാസ് എന്നിവരാണ് ഹാജർ ആയത്.

Leave a Reply

Your email address will not be published. Required fields are marked *