ലംബോർഗിനിയുടെ അമിതവേഗവും ശബ്ദവും; ക്രിമിനൽ നടപടി വിലക്കി, സാമൂഹിക സേവനം ചെയ്യണമെന്ന് ഹൈക്കോടതി

ബെംഗളൂരുവിലെ നിരത്തുകളിൽ അത്യാഡംബര സ്‌പോർട്‌സ് കാറുമായി അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്‌തെന്ന കേസിൽ വാഹന ഉടമയ്‌ക്കെതിരേ ചുമത്തിയിരുന്ന ക്രിമിനൽ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്നാൽ, അമിത വേഗത്തിലുള്ള ഡ്രൈവിങ് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വാഹനമോടിച്ചിരുന്ന വ്യക്തിയോട് നിർബന്ധിത സാമൂഹിക സേവനം അനുഷ്ഠിക്കാനും ഹൈക്കോടതി നിർദേശിച്ചു. ഭാരതീയ ന്യായ സംഹിതയിൽ നിർദേശിച്ചിട്ടുള്ള ശിക്ഷയാണിതെന്നും കോടതി നിരീക്ഷിച്ചു.ലംബോർഗിനിയുടെ സൂപ്പർ കാർ മോഡലായ അവന്റഡോർ എസ്‌വിജെ ആണ് ബെംഗളൂരുവിലെ നിരത്തുകളിൽ അമിത വേഗത്തിൽ ഓടിച്ച് പോകുന്നതിന്റെ വീഡിയോ പുറത്തുവന്നത്. മറ്റൊരു വാഹനത്തിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അശ്രദ്ധമായ ഡ്രൈവിങ്, അമിതവേഗത്തിൽ വാഹനമോടിക്കൽ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന എക്‌സ്‌ഹോസ്റ്റ് ഘടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബെംഗളൂരു സ്വദേശിയായ ചിരാന്തിനെതിരേ പോലീസ് സ്വമേധയ കേസെടുത്തത്.വാഹന ഉടമയുടെ ഹർജിയെ തുടർന്ന് ഈ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ ഫെബ്രുവരി ആറിലേക്ക് മാറ്റിവെച്ചതായാണ് റിപ്പോർട്ട്. ബെംഗളൂരുവിന് സമീപം കെംഗേരിയിൽ നിന്നുള്ള വീഡിയോയാണ് എക്‌സിൽ പ്രചരിച്ചത്. ലംബോർഗിനി നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്കിടയിലൂടെ അമിത വേഗത്തിൽ പോകുന്നതാണ് വീഡിയോയിലുള്ളത്. മറ്റ് വാഹനങ്ങളുമായി അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഈ വീഡിയോ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *