ശിവസേന പാർട്ടി ചിഹ്ന തർക്കം: ജനാധിപത്യം നിലനിർത്തേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമെന്ന് സുപ്രീം കോടതി

യഥാർത്ഥ ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തും, പാർട്ടിയുടെ ‘വില്ലും അമ്പും’ ചിഹ്നം അവർക്ക് അനുവദിച്ചതിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്മറ്റ് സ്ഥാപനങ്ങളെ കുറച്ചുകാണരുതെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ജനാധിപത്യം നിലനിർത്തുക എന്നത് കേവലം ജുഡീഷ്യറിയുടെ മാത്രം ഉത്തരവാദിത്തമല്ല, അതൊരു കൂട്ടായ ഉത്തരവാദിത്തമാണെന്ന് നിരീക്ഷിച്ചു.ശിവസേനയുടെ (ഉദ്ധവ് ബാലാസാഹേബ് താക്കറെ) ഉദ്ധവ് പക്ഷത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, എംഎൽഎമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളിൽ സ്പീക്കർമാർ കൃത്യസമയത്ത് തീരുമാനമെടുക്കാത്തത് ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ, സുപ്രീം കോടതിക്ക് മാത്രമാണ് ഇതിൽ ഫലപ്രദമായി എന്തെങ്കിലും ചെയ്യാൻ കഴിയുക എന്ന് വാദിച്ചപ്പോഴാണ് മൂന്നംഗ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ജയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ട്.”നിയമം രൂപീകരിക്കാൻ ലഭിച്ച സുവർണ്ണാവസരമാണിത്. നമ്മുടെ ഭരണഘടന ഏത് തത്വങ്ങളുടെ അടിസ്ഥാനത്തിലാണോ നിർമ്മിക്കപ്പെട്ടത്, അതനുസരിച്ചല്ല രാജ്യത്തെ സ്പീക്കർമാർ പ്രവർത്തിക്കുന്നത്. ഏത് പാർട്ടി അധികാരത്തിലിരുന്നാലും, അയോഗ്യത സംബന്ധിച്ച ഹർജികളിൽ തീരുമാനമെടുക്കുന്നില്ല എന്നത് എല്ലാ പാർട്ടികളിലും കാണാൻ കഴിയുന്ന സങ്കടകരമായ അവസ്ഥയാണ്,” ജസ്റ്റിസ് സൂര്യ കാന്ത് ഉൾപ്പെട്ട ബെഞ്ചിനോട് സിബൽ പറഞ്ഞു.എന്നാൽ ഇതിൽ ജുഡീഷ്യറിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന വാദത്തോട് ബെഞ്ച് യോജിച്ചില്ല. ഇതിനകം പാർലമെന്റിനും ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.”തീർച്ചയായും കഴിയും, പക്ഷേ പാർലമെന്റിൽ അധികാരത്തിലിരിക്കുന്ന ഏത് ഭരണകക്ഷിയും ഇതിന് അനുവദിക്കില്ല. കാരണം അവർക്കാണ് ഇതിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നത്. അതിനാൽ കോടതിക്കു മാത്രമേ ഇതിനൊരു പരിഹാരം കാണാൻ കഴിയൂ. ആത്യന്തികമായി ജനാധിപത്യം സംരക്ഷിക്കാനുള്ള ഭാരം നിങ്ങളുടെ മേലാണ്, ഞങ്ങളുടെ മേലല്ല,” സിബൽ പറഞ്ഞു. ഇത് കൂട്ടായ ഉത്തരവാദിത്തമാണെന്നാണ് ജസ്റ്റിസ് ബാഗ്ചി ഇതിനോട് പ്രതികരിച്ചത്.നമ്മുടെ മറ്റ് സ്ഥാപനങ്ങളും വലിയ പ്രതിബദ്ധതയുള്ളവയാണ് എന്ന കാര്യം ചെറുതാക്കി കാണാരുത്,” എന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.”തീർച്ചയായും. കഴിഞ്ഞ 20-30-40 വർഷമായി ഇത് പ്രവർത്തിച്ച രീതി നമ്മെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കാജനകമായ കാര്യമാണ്. ആത്യന്തികമായി നിയമം നടപ്പിലാക്കേണ്ടത് കോടതിയാണ്… പാർലമെന്റ് നിയമങ്ങൾ പാസാക്കും, തുടർന്നും നിയമങ്ങൾ പാസാക്കിക്കൊണ്ടിരിക്കും, എന്നാൽ യഥാർത്ഥ പരീക്ഷണം ഇവിടെയാണ്. നാം മുറുകെപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള വലിയൊരു അവസരമാണിത്,” സിബൽ കൂട്ടിച്ചേർത്തു.രാഷ്ട്രീയ പാർട്ടിയിലുണ്ടാകുന്ന പിളർപ്പുകളെക്കുറിച്ച് തീരുമാനമെടുക്കാൻ 1968 ലെ തിരഞ്ഞെടുപ്പ് ചിഹ്ന ഉത്തരവിലെ 15-ാം ചട്ടപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനുള്ള അധികാരത്തെ സിബൽ ചോദ്യം ചെയ്തു. “പാർട്ടി പിളർപ്പുമായി ബന്ധപ്പെട്ട് ഒരു ഹർജി ഫയൽ ചെയ്തതിന് ശേഷം, ഹർജി നൽകിയ ദിവസം നിലവിലില്ലാത്ത പിൽക്കാല സംഭവങ്ങൾ വെച്ച് അവകാശവാദമുന്നയിക്കുന്ന കക്ഷിക്ക് ചിഹ്നം ലഭിക്കാൻ അർഹതയുണ്ടോ എന്ന് തീരുമാനിക്കുന്നത് വളരെ അപകടകരമായ ഒരു നിയമവാദമാണ്,” സിബൽ പറഞ്ഞു.ഈ കേസ് കോടതി വരുന്ന ഓഗസ്റ്റ് 18-ന് വീണ്ടും വാദം കേൾക്കും.

Leave a Reply

Your email address will not be published. Required fields are marked *