ആസിഡ് ആക്രമണക്കേസുകളില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിക്കൂടേ ? കടുത്ത ശിക്ഷനല്‍കാൻ നിയമനിര്‍മാണം ആവശ്യം – സുപ്രീംകോടതി

ആസിഡ് ആക്രമണക്കേസുകളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതുള്‍പ്പെടെ കടുത്ത ശിക്ഷനല്‍കാൻ നിയമനിർമാണം ആവശ്യമാണെന്ന് സുപ്രീംകോടതി.ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്ക് നിയമപരമായ സംരക്ഷണംനല്‍കുന്നതുസംബന്ധിച്ച പൊതുതാത്പര്യഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.ആസിഡ് ആക്രമണത്തിനിരയായ ഷഹീൻ മാലിക് നല്‍കിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സ്ത്രീധനക്കൊല കേസുകളിലെന്നപോലെ കുറ്റവാളിയല്ലെന്ന തെളിവുനല്‍കാനുള്ള ബാധ്യത പ്രതികളില്‍ ചുമത്തുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.കേസിലെ മുഴുവൻപ്രതികളെയും വെറുതേവിട്ടിരുന്നു. തന്റെ ജീവിതത്തിലെ 16 വർഷം നിയമപോരാട്ടത്തിനായി ചെലവഴിച്ചുകഴിഞ്ഞെന്ന് കോടതിയില്‍ നേരിട്ടുഹാജരായ ഷഹീൻ മാലിക് പറഞ്ഞു. പ്രതികളെ വെറുതേവിട്ടതിനെതിരേ താൻ നല്‍കിയ അപ്പീല്‍ വേഗത്തില്‍ തീർപ്പാക്കാൻ ഹൈക്കോടതിക്ക് നിർദേശംനല്‍കണമെന്നും അവർ അഭ്യർഥിച്ചു. തുടർന്ന്, എല്ലാ ഹൈക്കോടതികളും ഇതുസംബന്ധിച്ച കേസുകള്‍ വേഗത്തിലാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.ഉത്തർപ്രദേശില്‍ 198, പശ്ചിമബംഗാളില്‍ 60, ഗുജറാത്തില്‍ 114, ബിഹാറില്‍ 68, മഹാരാഷ്ട്രയില്‍ 58 എന്നിങ്ങനെ ആസിഡ്‌ ആക്രമണ കേസുകള്‍ തീർപ്പാവാതെനില്‍ക്കുന്നതായി ഹൈക്കോടതികള്‍ അറിയിച്ചു. മറ്റുഹൈക്കോടതികളില്‍നിന്നുള്ള റിപ്പോർട്ടുകള്‍ ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *