തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആൻ്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് അപ്പീല്‍ പരിഗണിക്കുക.തൊണ്ടിമുതല്‍ കേസില്‍ ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍.കേസില്‍ രണ്ട് വർഷത്തിന് മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായിരുന്നു. കുറ്റപത്രം നല്‍കി 19 വർഷങ്ങള്ക്ക് ശേഷമാണ് എല്‍ഡിഎഫ് നേതാവ് പ്രതിയായ കേസില്‍ വിധി വരുന്നത്.അടിവസ്ത്രത്തില്‍ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള് പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ സാല്‍വദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആന്റണി രാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്.1990 ഏപ്രില് നാലിനായിരുന്നു സാല്‍വദോർ സാർലി പിടിയിലായത്. 10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആന്റണി രാജു ക്ലർക്കിന്റെ സഹായത്തോടെ കോടതിയില്‍ നിന്ന് പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയില്‍ വയ്ക്കുകയായിരുന്നു. തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് നാല് വർഷത്തിന് ശേഷം ഹൈക്കോടതി സാല്‍വദോറിനെ വെറുതെ വിട്ടത്. ഈ കേസില്‍ തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കല്‍ എന്നിവയ്ക്കാണ് ആന്റണി രാജുവിനെയും ജോസിനെതിരെയും കോടതി ശിക്ഷിച്ചത്.
മൂന്നുവര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം; തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആൻ്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും
