വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാരന് മര്‍ദനമേറ്റ സംഭവം: രൂക്ഷവിമര്‍ശവുമായി കോടതി

വിയ്യൂർ സെൻട്രല്‍ ജയിലില്‍ എൻഐഎ കേസ് പ്രതിക്ക് മർദനമേറ്റ സംഭവത്തില്‍ രൂക്ഷവിമർശവുമായി കോടതി. പ്രതി മനോജിനെ തവനൂർ ജയിലിലേക്ക് മാറ്റാനും എൻഐഎ കോടതി നിർദേശം നല്‍കി.മർദനമേറ്റ പ്രതിക്ക് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്ന് കോടതി കണ്ടെത്തി. പരിക്കുള്ളപ്പോള്‍ അനുവാദമില്ലാതെ ജയില്‍ മാറ്റി. ഇത് അംഗീകരിക്കാനാവില്ല എന്ന് കോടതി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇന്ന് വൈദ്യ പരിശോധന നടത്തണം. മർദനം നടക്കുമ്ബോള്‍ ജയിലില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കോടതി തേടി. മനോജിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഒപ്പം ജയില്‍ സൂപ്രണ്ടിനോടും ഹാജരാകാൻ നിർദേശം നല്‍കിയിരുന്നു. ഇവർ രണ്ടുപേരും ഇന്ന് ഹാജരായി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ പ്രതിയുമായി തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ എന്ത് ധൈര്യമാണ് പൊലീസിന് ഉണ്ടായതെന്ന് കോടതി ചോദിച്ചു. തടവുകാരന് എന്തെങ്കിലും പറ്റിയാല്‍ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്ന് കോടതി ചോദിച്ചു.തടവുകാരന് പരിക്കേറ്റപ്പോള്‍ അവഗണിച്ചതിനെ അംഗീകരിക്കാൻ ആവില്ലെന്നും കോടതി പറഞ്ഞു. സിസിടിവി പ്രവർത്തിക്കാത്തതിലും കോടതി വിമർശിച്ചു. ഇത്രയും വലിയ സുരക്ഷ വേണ്ടിടത്ത് എന്തുകൊണ്ട് വീഴ്ച എന്നും കോടതി. നേരത്തെ സംസ്ഥാന ഫണ്ട് ആയിരുന്നു, ഇനി കേന്ദ്ര ഫണ്ട് കൊണ്ടാണ് ക്യാമറ സ്ഥാപിക്കുന്നത് എന്ന് എൻഐഎ. കേന്ദ്രമായാലും, സംസ്ഥാനമായാലും ആവശ്യസമയത്ത് ദൃശ്യങ്ങള്‍ കിട്ടില്ല എന്ന് കോടതി. ആർക്കാണ് ക്യാമറ ശരിയാക്കാൻ പറ്റുകയെന്നും കോടതി. പ്രതികള്‍ക്ക് ക്യാമറ ശരിയാക്കാൻ പറ്റില്ലല്ലോ എന്നും കോടതി വിമർശനം. പ്രതികളുടെ സുരക്ഷ സ്റ്റേറ്റിൻ്റെ ചുമതലയെന്നും കോടതി. കോടതിയുടെ കസ്റ്റഡിയിലുള്ള ആളെ നിർദേശമില്ലാതെ ജയില്‍ മാറ്റിയതിനെയും കോടതി ചോദ്യം ചെയ്തു.ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് എൻഐഎ കോടതി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നടപടി എടുക്കാതിരിക്കാൻ കാരണം വിശദീകരിച്ച്‌ സൂപ്രണ്ട് നേരിട്ട് കോടതിയില്‍ ഹാജരാകാൻ നിർദേശം നല്‍കിയത്. പൊതുമരാമത്ത് വകുപ്പിന്റെയും ജയില്‍ സൂപ്രണ്ടിന്റെയും വാദത്തില്‍ വൈരുധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.പിഡബ്ലുഡി ഇലക്‌ട്രോണിക്സ് അസിസ്റ്റൻ്റ് എഞ്ചിനീയർ ഓണ്‍ലൈനില്‍ ഹാജരാകണം. പരിക്കേറ്റ മനോജിന്റെ ചികിത്സാ രേഖകള്‍ ഹാജരാക്കാനും കോടതി നിർദേശം നല്‍കി.മർദനമേറ്റതില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റഡിയില്‍ നിരാഹാര സമരം തുടരുന്ന തൃശൂര്‍ സ്വദേശി മനോജിനെ ഹാജരാക്കാൻ എൻഐഎ കോടതി നിർദേശം നല്‍കിയിരുന്നു. കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റിയ കോയമ്ബത്തൂർ സ്വദേശി അസ്ഹറുദ്ദീന് ചികിത്സ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ കണ്ണൂർ ജയിലില്‍ കഴിയുന്ന കോയമ്ബത്തൂർ സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മർദനമേറ്റതിനെ തുടർന്ന് ഇരുവരും ചികിത്സയിലായിരുന്നു. മർദനം സംബന്ധിച്ച്‌ ജയില്‍ അധികൃതർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തില്‍, മനോജിന്റെയും അസ്ഹറുദ്ദീന്റെയും നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ റിപ്പോർട്ട് നല്‍കാനും കോടതി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് നിർദേശിച്ചുരുന്നു. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മനോജിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ജയിലിലേക്ക് തിരികെ മാറ്റിയിരുന്നു. മനോജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിയ്യൂർ സെൻട്രല്‍ ജയിലിലെ രണ്ട് തടവുകാർ കൂടി നിരാഹാര സമരം ആരംഭിച്ചിരുന്നു.കഴിഞ്ഞ 13നാണ് വിയ്യൂരിലെ അതിസുരക്ഷ ജയിലില്‍ രാഷ്ട്രീയ തടവുകാരായ മനോജിനെയും അസ്ഹറുദ്ദീനെയും മർദ്ദിച്ച്‌ അവശരാക്കി അനധികൃതമായി ജയിലില്‍ നിന്നും മാറ്റിയ പരാതി സംബന്ധിച്ച്‌ സംഭവമുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *