വിജയിയെ കാണാന്‍ മരത്തിലും ടവറുകളിലും ആരാധകര്‍; കോടതി പോലും ശാസിച്ചു; വരുത്തിവച്ച ദുരന്തം

Oplus_16908288

വിജയ് നയിച്ച പ്രചാരണ റാലിക്കിടെയുണ്ടായ വന്‍ ദുരന്തം അപ്രതീക്ഷിതമല്ല. മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും അവഗണിച്ചതിന്റെ അനന്തര ഫലം.യാതൊരു സുരക്ഷാ നിയമങ്ങളും പാലിക്കാതെയാണ് വിജയ് നയിച്ച റാലികളില്‍ കിലോമീറ്ററുകളോളം ആളുകളുടെ തിരക്ക് അനുഭവപ്പെട്ടത്. രാഷ്ട്രീയ പാര്‍ട്ടിയോടുള്ള അനുഭാവം എന്നതിലുപരി തങ്ങള്‍ ആരാധിക്കുന്ന താരത്തെ കാണാനും ഒന്നു തൊടാനും പറ്റുമെങ്കില്‍ ഒരുമിച്ച്‌ നിന്ന് ഒരു ഫോട്ടോ എടുക്കാനുമുള്ള ആഗ്രഹമാണ് ജനക്കൂട്ടത്തിനുണ്ടായിരുന്നത്.റാലികളിലെ സുരക്ഷ സംബന്ധിച്ച്‌ മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി ഒരു ആഴ്ച തികയുന്നതിന് മുമ്ബാണ് സംഭവം നടന്നത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കണ്ണുവച്ച്‌ വിജയ് തമിഴ്നാട്ടിലുടനീളം പ്രചാരണം നടത്തുന്നുണ്ട്. എല്ലാ ആഴ്ചയും ശനിയാഴ്ചകളില്‍ വിവിധ പട്ടണങ്ങളില്‍ അദ്ദേഹം പ്രചാരണം നടത്തുന്നുണ്ട്. അങ്ങനെയാണ് ഇന്ന് കരൂരില്‍ പ്രചാരണം നടന്നതും അതിനിടെ വന്‍ ദുരന്തം ഉണ്ടായതും.വിജയ്യുടെ പ്രചാരണത്തിന് പൊലീസ് അനുമതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച്‌ ടിവികെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സിടിആര്‍ നിര്‍മ്മല്‍ കുമാര്‍ മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. നേരത്തെ, ട്രിച്ചിയില്‍ വിജയ്യുടെ പ്രചാരണത്തിന് പൊലീസ് ആദ്യം അനുമതി നല്‍കിയിരുന്നില്ല. അതിനു ശേഷം മാത്രമാണ് നിയന്ത്രണങ്ങളോടെ പൊലീസ് അനുമതി നല്‍കിയത്. ഇത് ചൂണ്ടിക്കാട്ടി നിര്‍മ്മല്‍ കുമാര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.ഈ കേസ് പരിഗണിച്ച ഹൈക്കോടതി, ഒരു സംഭവം ഉണ്ടായാല്‍ ആരാണ് ഉത്തരവാദിയെന്ന് ചോദിച്ചിരുന്നു. നേതാവ് തന്നെ പ്രവര്‍ത്തകരെ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. മുന്നറിയിപ്പ് നല്‍കി ഒരു ആഴ്ച തികയുന്നതിന് മുമ്ബാണ് അപകടം നടന്നത്.നടന്‍ വിജയ് പങ്കെടുത്ത എല്ലാ റാലികളിലും നിയന്ത്രിക്കാനാകാത്ത വിധം ആളുകളാണ് പങ്കെടുത്തത്. മധുര, കോയമ്ബത്തൂര്‍, ട്രിച്ചി, അരിയല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ആരാധകര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് ഭരണകക്ഷിയായ ഡിഎംകെ, പ്രതിപക്ഷമായ എഐഎഡിഎംകെ, ബിജെപി എന്നിവര്‍ പരാതിപ്പെട്ടിരുന്നു.വിജയ്യെ കാണാന്‍ മരങ്ങളില്‍ കയറുക, ടവറുകളിലും മതിലുകളിലും കയറുക തുടങ്ങിയ സാഹസികതകളും ആരാധകര്‍ കാണിച്ചു. വിജയ്‌യെ കാണാന്‍ രാവിലെ മുതല്‍ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയാണെന്ന് നിരവധി ആരാധകര്‍ അഭിമുഖങ്ങള്‍ പോലും നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അവധി ദിവസങ്ങളിലെ പ്രചാരണത്തിന് ധാരാളം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും എത്തി.കരൂരില്‍ വിജയ്യെ കാണാന്‍ നിരവധി സ്ത്രീകളാണ് മക്കളുമായി എത്തിയത്. വന്നവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. 39 പേരാണ് തിക്കിലും തിരക്കിലും മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *